ന്യൂഡൽഹി : ഗുജറാത്തിലെ മുന്ദ്രയിൽ ആരംഭിച്ച 34,900 കോടി രൂപയുടെ പെട്രോകെമിക്കൽ പദ്ധതി നിർത്തിവച്ചതായി അദാനി ഗ്രൂപ്പ്. കച്ച് ജില്ലയിൽ അദാനിയുടെ ഭൂമിയിൽ നിർമിക്കുന്ന മുന്ദ്ര പെട്രോകെം ലിമിറ്റഡിന്റെ കൽക്കരിയെ പിവിസി ആക്കി മാറ്റുന്ന പ്ലാന്റിന്റെ നിർമാണമാണ് നിർത്തിവച്ചത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് നിർദേശം. 2021ലാണു കച്ചിലെ അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ വക ഭൂമിയിൽ മുന്ദ്ര പെട്രോകെം ലിമിറ്റഡ് സ്ഥാപിച്ചത്.
നിലവിലുള്ള സാമ്പത്തികസ്ഥിതി വിലയിരുത്തിയ ശേഷം കമ്പനി ഏറ്റെടുത്തിരിക്കുന്ന എല്ലാ പദ്ധതികളും പുനർമൂല്യനിർണയം നടത്തുന്നതിന്റെ ഭാഗമായാണ് മുന്ദ്ര പ്ലാന്റിന്റെ നിർമാണവും നിർത്തിവച്ചതെന്നാണു സൂചന. ഇതു സംബന്ധിച്ച് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. അദാനി കമ്പനികളുടെ ഓഹരിവിനിമയത്തിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണങ്ങൾക്കുശേഷമുണ്ടായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണു സുപ്രധാന പദ്ധതികളിലൊന്നു നിർത്തിവയ്ക്കുന്നത്.