പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ ഇ.എന്‍ സുരേഷ് ബാബുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകും.
ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണ് സുരേഷ് ബാബു. പരാതികള്‍ നിലനില്‍ക്കേ സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നത് പാര്‍ട്ടിക്ക് വീണ്ടും തലവേദന ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി അനുകൂല അഭിഭാഷക സംഘടനാ നേതാവ് കൂടിയായ അഭിഭാഷകയോട് അപമാര്യാദയായി പെരുമാറി, റിയല്‍ എസ്റ്റേറ്റ്, സ്പിരിറ്റ് മാഫിയ സംഘങ്ങളുമായി വഴിവിട്ട ബന്ധം, ജില്ലയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു തുടങ്ങി 11 പരാതികളാണ് സുരേഷ് ബാബുവിനെതിരെയുള്ളത്. അഭിഭാഷക ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ നല്‍കിയതായാണ് വിവരം. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സുരേഷ് ബാബുവിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനാണ് സാധ്യത. ഒരുപക്ഷേ എല്ലാ ജില്ലകളിലെയും വിപുലീകൃത കമ്മിറ്റികള്‍ പൂര്‍ത്തിയായ ശേഷമാകും നടപടിയിലേക്ക് കടക്കുക.
Leave a Comment
Your comment will be visible after admin approval.