കുവൈത്ത് സിറ്റി: ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയില്‍ കുവൈത്ത് 108-ാം സ്ഥാനത്ത്. സിംഗപ്പൂർ, സ്വിറ്റ്‌സർലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്.
പോയ വര്‍ഷം കുവൈത്ത് 101-ാം സ്ഥാനത്തായിരുന്നു. അമേരിക്കൻ ഹെറിറ്റേജ് ഇക്കണോമിക് ഫ്രീഡം ഇൻഡക്‌സാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിപണികളില്‍ പ്രവേശിക്കുന്നതിനുള്ള കഴിവ്, നിയമസംവിധാനം, രാജ്യാന്തര വാണിജ്യത്തിനുള്ള അവകാശം, ബൗദ്ധിക അവകാശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കുന്നത്. കുവൈറ്റ് ബാങ്കിംഗ് മേഖല മികച്ച നിലയിലാണ്. എന്നാല്‍, രാജ്യത്ത് ബിസിനസിനായുള്ള റെഗുലേറ്ററി ചട്ടക്കൂടിന്റെ കാര്യക്ഷമത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പുരോഗതി മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഗള്‍ഫ് മേഖലയില്‍ കുവൈത്തിനാണ് അവസാന സ്ഥാനം. മേഖലയിൽ യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ ഒമാൻ നാലാം സ്ഥാനത്തും സൗദി അറേബ്യ അഞ്ചാം സ്ഥാനത്തും എത്തി.