ജെയിംസ് കൂടൽ
(ചെയർമാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, യു എസ് എ)
സമകാലിക ഇന്ത്യയുടെ ശബ്ദമാണ് രാഹുൽ ഗാന്ധി. നിങ്ങളെത്ര നിശബ്ദരാക്കാൻ ശ്രമിച്ചാലും അത് കൊടുങ്കാറ്റായി ആഞ്ഞടിക്കുകയും പേമാരിയായി പെയ്തൊഴുകുകയും ചെയ്യും. വിമർശകർ ഭയക്കുന്നത് രാഹുൽ ഗാന്ധിയെ മാത്രമല്ല. അദ്ദേഹം പങ്കിടുന്ന ആശയങ്ങളേയും മൂല്യങ്ങളേയുമാണ്. എംപി സ്ഥാനത്തു നിന്ന് നിങ്ങൾ അയോഗ്യനാക്കുന്നു എന്നാൽ അദ്ദേഹത്തെ നിങ്ങൾ ഭയക്കുന്നു എന്നു കൂടിയാണ് അർത്ഥം. നിങ്ങളെത്ര വായടപ്പിക്കാൻ ശ്രമിച്ചാലും ഇന്ത്യയുടെ മുറിവേറ്റിടങ്ങളിൽ രാഹുൽ ആശ്വാസമായി തഴുകി തലോടിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
ഭാരത് ജോഡോ യാത്രയോടെ കോൺഗ്രസ് നേടിയെടുത്ത ഊർജം പകരുന്ന വെളിച്ചം ചെറുതല്ല. ഒപ്പം രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതീക്ഷയും പ്രകാശവുമായി മാറി. കേന്ദ്രനയങ്ങൾക്കെതിരെ ആഞ്ഞടിച്ചും മോദിയുടെ നയങ്ങളിലെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കിയും രാഹുൽ ബി.ജെ.പിക്ക് പ്രതിരോധം തീർത്തു. രാഹുലിൻ്റെ വളർച്ച തങ്ങളുടെ തളർച്ചയാണെന്നത് ബി ജെ പിയുടെ ഉറക്കം കളഞ്ഞത് കുറച്ചൊന്നുമല്ല. ഇതോടെ രാഹുലിനെ വീഴ്ത്താനുള്ള കള്ളപ്പയറ്റുകൾ ഓരോന്നായി ബി.ജെ.പി പയറ്റി. കള്ള അടവിൽ അടിയറവ് പറയിക്കാൻ ശ്രമിച്ചു. ഒടുവിൽ ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങളിലേക്കു വരെ എത്തി നിൽക്കുന്നു കാര്യങ്ങൾ.
ബി.ജെ.പി മുക്ത ഭാരതം അതിവേഗത്തിൽ വന്നെത്തുക തന്നെ ചെയ്യും. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേടാതെ കള്ളക്കളികൾ പയറ്റുന്ന ഭീരുക്കളെപ്പോലെ മോദിയും കൂട്ടരും തരം താഴുന്നത് കഷ്ടം എന്നല്ലാതെ എന്തു പറയാൻ! കുറുക്കുവഴികളിലൂടെയും ജനങ്ങളെ ചേരിതിരിച്ചും വന്ന പാരമ്പര്യമല്ല കോൺഗ്രസിൻ്റേത്. മോദിയുടെ കടലാസു പുലിയെ കണ്ട് കോൺഗ്രസുകാരാരും ഭയക്കാനും പോകുന്നില്ല. ജനാധിപത്യം ശ്വാസംമുട്ടുമ്പോൾ ആശ്വാസമായി മറ്റു പ്രതിപക്ഷ പാർട്ടികൾ രാഹുലിനെ പിന്തുണയ്ക്കുന്നത് ശ്രദ്ധേയവും ചിന്തനീയവുമാണ്.
അന്തർ ദേശീയതലത്തിൽ തന്നെ ഈ വിഷയം ചർച്ചയായി മാറിയിട്ടുണ്ട്. മോദിയുടെ കപടമുഖവും ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയുമാണ് വ്യക്തമാകുന്നത് എന്ന് പല നേതാക്കളും വിലയിരുത്തിക്കഴിഞ്ഞു. രാഷ്ട്രീയത്തെ മലീമസമാക്കുന്ന, കോൺഗ്രസിനെ ഭയക്കുന്ന എതിർ ശക്തികളേ… നിങ്ങൾക്കുള്ള മറുപടി കാലം നൽകുക തന്നെ ചെയ്യും. ഇന്ത്യ ജനാധിപത്യ രാജ്യമെന്നു കൊട്ടിഘോഷിക്കുന്നവർ തന്നെ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നത് എന്തിനാണ്???