ന്യൂയോർക്ക്: ഫൊക്കാനയുടെ 2026–28 കാലയളവിലേക്കുള്ള ട്രസ്റ്റീ ബോർഡ് ചെയർമാനായി മുൻ പ്രസിഡന്റ് സജിമോൻ ആന്റണിയെയും, വൈസ് ചെയറായി തോമസ് തോമസിനെയും സെക്രട്ടറിയായി ബിജു ജോൺ കൊട്ടാരക്കരയെയും എതിരില്ലാതെ തെരഞ്ഞെടുത്തു.
ട്രസ്റ്റീ ബോർഡ് ചെയർമാനായിരുന്ന ജോജി തോമസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും ജനറൽ സെക്രട്ടറി സന്തോഷ് നായരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ട്രസ്റ്റീ ബോർഡ് അംഗങ്ങളായ മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, ജോയി ചാക്കപ്പൻ, മാമ്മൻ സി. ജേക്കബ്, സതീശൻ നായർ, ബിജു ജോൺ, തോമസ് തോമസ്, മനോജ് ഇടമന, കെവിൻ ജോസഫ് തുടങ്ങിയ എല്ലാ ട്രസ്റ്റീ ബോർഡ് മെമ്പേഴ്സും യോഗത്തിൽ പങ്കെടുത്തു.
സജിമോൻ ആന്റണി — ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ
ഫൊക്കാനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച് ദേശീയ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന സജിമോൻ ആന്റണി സംഘടനാ രംഗത്തെ പരിചയസമ്പന്നനായ നേതാവാണ്. ഫൊക്കാന നാഷണൽ കമ്മിറ്റി അംഗം, ട്രഷറർ, ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ വിവിധ ഉത്തരവാദിത്വങ്ങൾ വിജയകരമായി നിർവഹിച്ച ശേഷമാണ് അദ്ദേഹം ഇപ്പോൾ ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാനായി ചുമതലയേൽക്കുന്നത്.
പരിമിതികളെ അവസരങ്ങളാക്കി മാറ്റുകയും പുതുമയാർന്ന ആശയങ്ങളെ പ്രായോഗിക പദ്ധതികളാക്കി മാറ്റുകയും ചെയ്യുന്ന പ്രവർത്തനശൈലിയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിന്റെ പ്രധാന പ്രത്യേകത. ഫൊക്കാന മെഡിക്കൽ കാർഡ്, ഫൊക്കാന പ്രിവിലേജ് കാർഡ്, ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്, ഫൊക്കാനയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് പരിപാടികൾ തുടങ്ങി നിരവധി നൂതന പദ്ധതികൾ ആവിഷ്കരിക്കുകയും കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ഫൊക്കാന ഗ്ലോബൽ എന്ന ആശയം യാഥാർഥ്യമാക്കുന്നതിലും പ്രൊഫഷണൽ സംഘടനകൾക്ക് ഫൊക്കാനയിൽ അംഗത്വം നൽകുന്നതിലും ഉൾപ്പെടെ നിരവധി ചരിത്രപരമായ തീരുമാനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സംഘടനയുടെ ഭരണനിർവഹണത്തിലും വിവിധ പദ്ധതികളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും ശ്രദ്ധേയമായ സംഭാവനകളായി മാറി.
കാര്യക്ഷമമായ ഭരണനിർവഹണം, സുതാര്യമായ പ്രവർത്തനശൈലി, നവീന ആശയങ്ങൾ, സമയബന്ധിതമായ പദ്ധതികളുടെ നടപ്പാക്കൽ എന്നിവയിലൂടെ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കൂടുതൽ സജീവവും ജനകീയവുമാക്കുന്നതിൽ സജിമോൻ ആന്റണി നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ വർഷങ്ങളിലെ ഫൊക്കാനയുടെ വളർച്ചയിലും സംഘടനയുടെ പ്രവർത്തന മികവിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് ശ്രദ്ധേയമായ സ്ഥാനമാണുള്ളത്.
ന്യൂജേഴ്‌സിയിലെ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (MANJ)യുടെ പ്രസിഡന്റായിരിക്കെ സംഘടനയെ കൂടുതൽ സജീവമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പുതിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും സജിമോൻ ആന്റണി ശ്രദ്ധേയമായ പങ്കുവഹിച്ചു. സംഘടനാ പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ പരിചയസമ്പത്തും വിവിധ തലങ്ങളിൽ പ്രവർത്തിച്ചുള്ള നേതൃത്വപാടവവും ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡിന് പുതിയ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഘടനാ രംഗത്തിനൊപ്പം മാധ്യമരംഗത്തും സജിമോൻ ആന്റണി സജീവ സാന്നിധ്യമാണ്. ന്യൂസ്18, ചാനൽ 24, മനോരമ ന്യൂസ് തുടങ്ങിയ ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ പങ്കെടുത്ത് സാമൂഹികവും പൊതുപ്രാധാന്യമുള്ളതുമായ വിഷയങ്ങളിൽ തന്റെ നിലപാടുകളും അഭിപ്രായങ്ങളും അദ്ദേഹം അവതരിപ്പിച്ചുവരുന്നു.
വർഷങ്ങളായുള്ള സംഘടനാ പരിചയവും ഭരണനൈപുണ്യവും പുതിയ ആശയങ്ങളെ പ്രാവർത്തികമാക്കാനുള്ള കഴിവും കൈമുതലാക്കി ട്രസ്റ്റീ ബോർഡ് ചെയർമാനെന്ന പുതിയ ഉത്തരവാദിത്വത്തിലേക്ക് കടക്കുന്ന സജിമോൻ ആന്റണിയിൽ നിന്ന് ഫൊക്കാന കൂടുതൽ ശക്തമായ പ്രവർത്തനങ്ങളും ദീർഘവീക്ഷണമുള്ള തീരുമാനങ്ങളും പ്രതീക്ഷിക്കുന്നു.
തോമസ് തോമസ് — ട്രസ്റ്റീ ബോർഡ് വൈസ് ചെയർ
ഫൊക്കാനയുടെ രൂപീകരണകാലം മുതൽ സംഘടനയോടൊപ്പം സജീവമായി പ്രവർത്തിച്ചുവരുന്ന മുതിർന്ന നേതാക്കളിൽ ഒരാളാണ് തോമസ് തോമസ്. ഫൊക്കാനയുടെ ആദ്യകാല ട്രഷററായിരുന്ന അദ്ദേഹം സംഘടനയുടെ സ്ഥാപക നേതൃത്വനിരയിലെ പ്രധാന വ്യക്തികളിലൊരാളാണ്.
ഫൊക്കാനയോടൊപ്പം ഏകദേശം നാല് പതിറ്റാണ്ടായി സഞ്ചരിക്കുന്ന തോമസ് തോമസ്, സംഘടനയുടെ ഇതുവരെയുള്ള കൺവെൻഷനുകളിൽ തുടർച്ചയായി പങ്കെടുത്ത അപൂർവ വ്യക്തികളിൽ ഒരാളാണ്. ഫൊക്കാന കൺവെൻഷൻ വേദികളിലും സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിലും അദ്ദേഹം എന്നും സജീവ സാന്നിധ്യമാണ്.
ജോർജി വർഗീസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് വൈസ് പ്രസിഡന്റായും അദ്ദേഹം ഫൊക്കാനയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ശക്തമായിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ ഡോ. എം. അനിരുദ്ധന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഫൊക്കാന എന്ന ആശയത്തിന് പിന്നിലെ ആദ്യകാല പ്രവർത്തകരിൽ തോമസ് തോമസിനും പ്രധാന പങ്കുണ്ടായിരുന്നു.
ഹോട്ടൽ മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ അദ്ദേഹം അമേരിക്കയിലെ പ്രമുഖ ഹോട്ടലുകളിൽ പ്രവർത്തിക്കുകയും ഹോളണ്ട് ഹോട്ടലിന്റെ ജനറൽ മാനേജർ പദവിയിലെത്തുകയും ചെയ്തു. 2000-ൽ ട്രോഫി വേൾഡ് എന്ന സ്ഥാപനം ആരംഭിച്ചതോടെ ബിസിനസ് രംഗത്ത് പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് അമേരിക്കയിലെ മലയാളി ഉടമസ്ഥതയിലുള്ള ശ്രദ്ധേയമായ ട്രോഫി സ്ഥാപനങ്ങളിലൊന്നായി ട്രോഫി വേൾഡ് അറിയപ്പെടുന്നു.
സാമൂഹിക, സാംസ്കാരിക മേഖലകളിലും അമേരിക്കയിലെ മലയാളി സമൂഹത്തിനിടയിലും തോമസ് തോമസ് സജീവ സാന്നിധ്യമാണ്.
ബിജു ജോൺ — ട്രസ്റ്റീ ബോർഡ് സെക്രട്ടറി
ഫൊക്കാനയുടെ 2022–24 ഭരണസമിതിയിൽ ട്രഷററായി പ്രവർത്തിച്ച ബിജു ജോൺ കൊട്ടാരക്കര, സാമ്പത്തിക കാര്യനിർവഹണത്തിലും സംഘടനാ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പരിചയസമ്പത്തുള്ള നേതാവാണ്.
മുൻ അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ട്രസ്റ്റീ ബോർഡ് സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത ബിജു, സംഘടനയുടെ ഭരണപരമായ വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ ലോക കേരള സഭാംഗം കൂടിയാണ്.
മാധ്യമപ്രവർത്തകനായ ബിജു ജോൺ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ത്രൈമാസികയായ ഫൊക്കാന ടുഡേയുടെ ചീഫ് എഡിറ്റർ, ഫൊക്കാന കൺവെൻഷൻ മാഗസിന്റെ ചീഫ് എഡിറ്റർ, കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ സിൽവർ ജൂബിലി സുവനീറിന്റെ ചീഫ് എഡിറ്റർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള എൻജിനീയറിംഗ് ഗ്രാജുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (KEAN) ന്യൂസ്‌ലെറ്റർ ആൻഡ് പബ്ലിക്കേഷൻസ് കോർഡിനേറ്ററായും, KEAN ലോംഗ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
എൻജിനീയറിംഗ്, എം.ബി.എ. ബിരുദധാരിയായ ബിജു ജോൺ കൊട്ടാരക്കര ന്യൂ യോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിലെ ജോലിയോടൊപ്പം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
ഫൊക്കാനയുടെ പുതിയ ട്രസ്റ്റീ ബോർഡ് നേതൃത്വം സംഘടനയുടെ ഭരണപരമായ തുടർച്ചയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും കൂടുതൽ ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് ഫൊക്കാന പ്രവർത്തകർ.
Leave a Comment
Your comment will be visible after admin approval.