തൃശൂർ: ബി.ജെ.പി വേദിയിൽ പരോക്ഷ വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും. തൃശൂരിൽ നടന്ന പാർട്ടി പരിപാടിയിലാണ് ഇരുവരും ഏറ്റുമുട്ടിയത്. പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബി.ജെ.പിയിൽ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ ഇന്ന് തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകൾ പാർട്ടിയിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ബിജെപിയിൽ സുരേന്ദ്രനോ ശോഭയോ വിഷയമേയല്ലെന്നും ഒരുപാട് ആളുകളുടെ ത്യാഗം കൊണ്ട് ഉണ്ടാക്കിയ പാർട്ടിയാണ് ബിജെപിയെന്നും ശോഭ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തയാളാണ് താനെന്നും ഒരൽപം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. കസേര കിട്ടിയാലും ഇല്ലെങ്കിലും പ്രവർത്തിക്കുമെന്നും കൂടുതൽ വിഷമിപ്പിക്കരുതെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.