26 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിൽ നാശം വിതച്ച മിസിസിപ്പി നഗരം വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സന്ദർശിക്കും. റോളിംഗ് ഫോർക്കിൽ എത്തുന്ന ഇവർ സംസ്ഥാന-പ്രാദേശിക ഉദ്യോഗസ്ഥരുമായും രക്ഷാപ്രവർത്തകരുമായും ദുരിതബാധിതരുമായും കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മിസിസിപ്പിയിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ 26 പേർ മരിച്ചതായാണ് കണക്കുകൾ. 11 ഓളം ചുഴലിക്കാറ്റുകളാണ് രൂപപ്പെട്ടിട്ടുള്ളത്. തെക്കൻ മേഖലയിലെ രണ്ടു കോടി ജനങ്ങളെ പ്രകൃതി ദുരന്തം ബാധിക്കാനിടയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിരവധി പേർക്കാണ് പേമാരിയിലും ചുഴലിക്കാറ്റിലും പരിക്കേറ്റത്. അനവധി മരങ്ങൾ ഒടിഞ്ഞ് വീഴുകയും കെട്ടിടങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്. റോളിംഗ് ഫോർക്ക് നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.