വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ ഒരാഴ്ച അവധി നൽകി ചൈനയിലെ കോളജുകൾ. രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണച്ചുകൊണ്ടാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് പ്രണയബന്ധം ആരംഭിക്കുന്നതിനായി ഏപ്രിലിൽ ഒരാഴ്ചത്തെ അവധി നൽകാൻ ചൈനയിലെ 9 കോളജുകൾ തീരുമാനിച്ചിരിക്കുകയാണ്. എൻബിസി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മാർച്ച് 21ന് മിയാൻയാങ്ങ് ഫ്ലൈയിങ്ങ് വൊകേഷണൽ കോളജ് ആണ് ആദ്യമായി പ്രണയാവധി നൽകിയത്. ഏപ്രിൽ 1 മുതൽ 7 വരെ നൽകിയ അവധി ‘പ്രകൃതിയെ സ്നേഹിക്കാനും ജീവിതത്തെ സ്നേഹിക്കാനും വസന്ത കാല അവധി ആസ്വദിച്ച് അതുവഴി പ്രണയത്തിലാകാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു’ എന്നാണ് അധികൃതരുടെ വിശദീകരണം. അവധിയിലായിരിക്കെ വിദ്യാർത്ഥികൾക്ക് ഹോംവർക്കുമുണ്ട്. ഡയറി എഴുത്ത്, യാത്രാവിഡിയോകൾ ഉണ്ടാക്കൽ തുടങ്ങിയവയാണ് ഹോംവർക്ക്.
1980 മുതൽ 2015 വരെ ജനസംഖ്യ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി നടപ്പാക്കിയ ‘ഒറ്റ കുട്ടി പദ്ധതി’യാണ് ചൈനയ്ക്ക് തിരിച്ചടിയായത്. 2021ൽ മൂന്ന് കുട്ടികൾ എന്ന നിബന്ധനയിലേക്കെത്തിയെങ്കിലും ആളുകൾ ഇത് പരിഗണിക്കുന്നില്ല. ഇതിനു പിന്നാലെയാണ് രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാൻ സർക്കാർ വിവിധ നയങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്.