ആഫ്രിക്കയിൽ കാട്ടുതീ പോലെ പടര്‍ന്ന് മാർബർഗ് വൈറസ്. എബോള പോലെ തന്നെ മാരകമായ അണുബാധയുണ്ടാക്കുന്നതാണ് ഇതെന്നും അധികൃതര്‍ അറിയിച്ചു. ഇപ്പോൾ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും പോകുന്ന എല്ലാ യാത്രക്കാരോടും മാരകമായ വൈറസ് പിടിപെടാതിരിക്കാൻ മുൻകരുതൽ എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, വൈറസിന്റെ വ്യാപനം തടയാൻ സഹായിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും അയച്ചു.
ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് പ്രകാരം ഉയർന്ന മരണനിരക്കും പകർച്ചസാധ്യതയുമുള്ള ഒരു പകർച്ചവ്യാധിയാണ് മാർബർഗ് വൈറസ്. ടാൻസാനിയയിലെയും ഗിനിയയിലെയും നിലവിലെ അവസഥയെ കൈകാര്യം ചെയ്യാന്‍ നാഷണൽ സെന്റർ ഫോർ എമർജിംഗ് ആൻഡ് സൂനോട്ടിക് ഇൻഫെക്ഷ്യസ് ഡിസീസസിനെ സിഡിസി അയയ്‌ക്കുമെന്ന് സംഘടന അറിയിച്ചു.
ഇക്വറ്റോറിയൽ ഗിനിയയില്‍ ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച ഒമ്പത് കേസുകളും 20 അധിക സാധ്യതയുള്ള കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരീകരിച്ച എല്ലാവരും ഇതിനോടകം മരിച്ചതും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നു.
വവ്വാലുകൾക്കും മറ്റ് രോഗബാധിത മൃഗങ്ങൾക്കും മാർബർഗ് വൈറസ് പകരാൻ കഴിയും. കടുത്ത പനി, ആന്തരികമായും ബാഹ്യമായും രക്തസ്രാവം, അസഹനീയമായ തലവേദന എന്നിവ വൈറൽ രോഗത്തിന്റെ ചില ലക്ഷണങ്ങളാണ്. നിലവില്‍ മാർബർഗിന് രോഗശമനമോ വാക്‌സിനോ ഇല്ലെന്നും ഗവേഷണം നടക്കുകയാണന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.