കൊച്ചി:ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം. കൊൽക്കത്ത, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ചീഫ് ജസ്റ്റിസ് ആയിരുന്നു.സംസ്കാരം വൈകിട്ട് 5 മണിക്ക് എറണാകുളം പച്ചാളം ശ്മശാനത്തിൽ നടക്കും.
2004 ലാണ് കേരള ഹൈക്കോടതി ജഡ്ജിയായത്. കേരള ഹൈക്കോടതി ആക്ടിoഗ് ചീഫ് ജസ്റ്റിസ്, തെലങ്കാന സംസ്ഥാനത്തിൻ്റെ ആദ്യ ചീഫ് ജസ്റ്റിസ്, മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ, ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ അഭിഭാഷകരായ എൻ. ഭാസ്കരൻ നായരുടെയും കെ. പാറുക്കുട്ടി അമ്മയുടെയും മകനായി 1959 ഏപ്രില്‍ 29നാണ് രാധാകൃഷ്ണന്‍ ജനിച്ചത്. കൊല്ലം സെന്‍റ് ജോസഫ് കോൺവെന്‍റ്, ഗവ. ബോയ്സ് ഹൈസ്കൂൾ, തിരുവനന്തപുരം ആര്യ സെൻട്രൽ സ്കൂൾ, ട്രിനിറ്റി ലൈസിയം, കൊല്ലം എഫ്.എം.എൻ. കോളേജ്, കോലാറിലെ കോലാർ ഗോൾഡ് ഫീൽഡ്സ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.1983 ഡിസംബറിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.2004 ഒക്ടോബർ 14നാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായത്.