ന്യൂയോർക്ക്: നിരീക്ഷണത്തിനായി വിനിയോഗിച്ചത് എന്ന് ചൈന അവകാശപ്പെടുന്ന ഭീമൻ ബലൂൺ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. നിരീക്ഷണ ബലൂൺ വിവരങ്ങൾ ചോർത്തുന്നത് തടയാൻ അമേരിക്ക സൈനിക തലത്തിൽ മുൻകരുതൽ സ്വീകരിച്ചെങ്കിലും അത് മറികടന്ന് നിർണായക വിവരങ്ങൾ തത്സമയം ചൈനയിലേയ്ക്ക് അയക്കപ്പെട്ടതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൈനീസ് യുദ്ധ വിമാനങ്ങൾ വെടിവെച്ചിടുന്നതിന് മുൻപ് ബീജിംഗ് നിയന്ത്രിച്ചിരുന്ന ഭീമാകാരനായ ബലൂൺ ചില അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് മുകളിലൂടെ അടക്കം സഞ്ചരിച്ചിരുന്നു. ആ സമയത്ത് ചോർത്തിയ വിവരങ്ങൾ തത്സമയം തന്നെ കൈമാറാനുള്ള സൗകര്യം ബലൂണിലുണ്ടായിരുന്നതായാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി റിപ്പോർട്ട് ചെയ്യുന്നത്. ബലൂൺ വീഴ്ത്തിയതിന് പിന്നാലെ തന്നെ താഴേയ്ക്ക് പതിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഇലക്ട്രിക് ഉപകരണങ്ങളടക്കം വിദഗ്ദ പരിശോധനയ്ക്കായി മാറ്റിയിരുന്നു. ഈ ഇലക്ടോണിക് ഉപകരണങ്ങളിൽ നിന്ന് പങ്കുവെച്ച സിഗ്നലുകൾ വഴിയാണ് ചൈന വിവരങ്ങൾ ചോർത്തിയത്. ചിത്രങ്ങളേക്കാൾ സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ സംഭാഷണങ്ങളായിരിക്കാം ചാര ബലൂൺ ലക്ഷ്യം വെച്ചിരിക്കാൻ സാദ്ധ്യതയെന്നും റിപ്പോർട്ടിലുണ്ട്.
ജനുവരി 28നായിരുന്നു ചാര ബലൂൺ അമേരിക്കൻ അതിർത്തിയിൽ ആദ്യം പ്രവേശിച്ചത്. പിന്നീട് കാനഡയുടെ വ്യോമമേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. പിന്നീട് ജനുവരി 31ന് വീണ്ടും അമേരിക്കൻ അതിർത്തിയിൽ എത്തുകയായിരുന്നു. പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഉള്ള മൊണ്ടാനയിലായിരുന്നു ബലൂൺ കാണപ്പെട്ടത്.