മണ്ണാർക്കാട്: കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസിൽ വിധി ഇന്ന്. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് വിധിപറയുന്നത്. ആൾക്കൂട്ടക്കൊല നടന്ന് അഞ്ചുവർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്. 16 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്. കൂട്ടക്കൂറുമാറ്റങ്ങളിലൂടെ വാർത്തയായ കേസിൽ 11 മാസം നീണ്ട സാക്ഷിവിസ്താരത്തിനുശേഷമാണ് വിധി പ്രഖ്യാപിക്കാനിരിക്കുന്നത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് നാട്ടുകാർ യുവാവിനെ ക്രൂരമായി മർദിച്ചത്. രാജ്യത്തെ തന്നെ പിടിച്ചുലച്ച സംഭവത്തിൽ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 3000ത്തിലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചു. കുറ്റപത്രത്തിൽ 127 സാക്ഷികളാണ് തുടക്കത്തിലുണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ 24 പേർ കൂറുമാറി.
കേസിൽ വിചാരണ തുടങ്ങിയത് മുതൽ കൂറുമാറ്റവും ആരംഭിച്ചിരുന്നു. പ്രോസിക്യൂഷൻ മാത്രം 103 സാക്ഷികളെയാണ് വിസ്തരിച്ചത്. നേരത്തെ മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയവർ പോലും കൂറുമാറിയതിൽ ഉൾപെടുന്നു. പ്രതികളുടെ സമ്മർദ്ദത്തെ തുടർന്നാണ് കൂറുമാറ്റമെന്ന് പിന്നീട് തെളിഞ്ഞു. സാക്ഷിയെ കാഴ്ചപരിശോധനയ്ക്ക് വിധേയനാക്കിയ അസാധാരണ സംഭവവും വിചാരണയ്ക്കിടെ ഉണ്ടായി.
സ്വന്തം ഫോണിൽനിന്നുപോലും പ്രതികൾ പലതവണ സാക്ഷികളെ വിളിച്ചതായി കണ്ടെത്തി. സാക്ഷികളെ സ്വാധീനിച്ച 11 പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു.