കൊച്ചി : നിയമസഭാംഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് എ.രാജ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പത്തുദിവസത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത് പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.
പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ജസ്റ്റിസ് പി.സോമരാജൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സത്യം മറച്ചുവയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. പത്രിക റിട്ടേണിങ് ഓഫിസർ തള്ളണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി.കുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഇതിനെതിരെ രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ജനന, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണു തന്നെ ഹൈക്കോടതി അയോഗ്യനാക്കിയതെന്ന് രാജ ഹര്‍ജിയില്‍ പറയുന്നു. തന്‍റെ വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും പൂര്‍വികര്‍ 1950ന് മുന്‍പു കേരളത്തിലേക്കു കുടിയേറിയവരാണെന്നും അപ്പീൽ ഹര്‍ജിയില്‍ പറയുന്നുണ്ട്.