വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ഈസ്റ്റര്‍ ഞായറിന് (Easter Sunday) തൊട്ടുമുമ്പുള്ള വ്യാഴമാണ് പെസഹാ വ്യാഴം. ഓരോ ക്രൈസ്തവ വിശ്വാസികളും യേശുക്രിതുവിന്റെ അന്ത്യത്താഴ ഓര്‍മ്മ പുതുക്കുന്നു ഈ ദിവസം. ‘കടന്നുപോകല്‍’ എന്നാണ് പെസഹാ എന്ന വാക്ക് അര്‍ഥമാക്കുന്നത്. യേശുദേവന്‍ സ്വയം അപ്പവും വീഞ്ഞുമായി മാറി അപ്പോസ്‌തോലര്‍ക്ക് വിഭജിച്ച് നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും പന്ത്രണ്ട് ശിഷ്യരുടേയും കാല്‍ കഴുകിയതും ഈ ദിവസം സ്മരിക്കപ്പെടുന്നു.
ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈ ആഴ്ച വിശുദ്ധവാരചരണമാണ് (Holy Week). പെസഹാ വ്യാഴവും, ദുഃഖവെള്ളിയും, ഈസ്റ്ററും (ഉയിര്‍പ്പ് തിരുന്നാള്‍) ഒക്കെ ഒരേ വാരത്തിലാണ് വരുന്നത്. ഈ മൂന്ന് ദിവസങ്ങളെ മുന്‍ നിര്‍ത്തി യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പും ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ സ്മരിക്കുന്നു. ഈ ദിവസങ്ങളിലെ ആദ്യത്തേത് പെസഹാ വ്യാഴമാണ് (Maundy Thursday).
ദുഃഖവെള്ളിക്ക് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന വിശുദ്ധ ദിനമായി ആചരിക്കുന്നത്. കുരിശിലേറ്റുന്നതിന് മുമ്പ് യേശുക്രിസ്തു തന്റെ ശിഷ്യഗണങ്ങളോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പെസഹാ വ്യാഴം, വിശുദ്ധ ദിനമായി ആചരിക്കുന്നത്. യേശുക്രിസ്തു തന്റെ 12 ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴമാണ്, അന്ത്യത്താഴം. ഇതിന് മുമ്പ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകയും ചെയ്തിരുന്നു.
ഇതിന്റെ ഓര്‍മ്മയ്ക്കായി പെസഹാ വ്യാഴ ദിവസം ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പുറമേ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍ കഴുകല്‍ ശുശ്രൂഷയും ക്രൈസ്തവ വീടുകളില്‍ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങുകളും ഉണ്ടാകും.