പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ കടുവാ ഭീതിയിൽ വലയുകയാണ് നാട്ടുകാർ. മടത്തുംമൂഴി കുളത്തുംനീരവിൽ തുടർച്ചയായ ദിവസങ്ങളിൽ രണ്ട് പശുക്കളെയാണ് കടുവ കൊന്നത്. സ്വകാര്യ എസ്റ്റേറ്റുകളിൽ കാട് തെളിക്കാതിരിക്കുന്നതാണ് വനാതിർത്തി കടന്ന് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ച അർധരാത്രിയിൽ കുളത്ത്നീരവ് സ്വദേശി റെജി തോമസിന്റെ ഗർഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്.
ആദ്യം കടുവ ഇറങ്ങിയ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കർഷകന്റെ പശുവിനെയും കടുവ പിടിച്ചു. കാർമ്മൽ എഞ്ചിനിയറിങ്ങ് കോളേജിന് സമീപമുള്ള രണ്ട് സ്ഥലങ്ങളും ജനവാസ മേഖലയാണ്. കുട്ടികളടക്കം നിരവധി ആളുകൾ താമസിക്കുന്നിടമാണിത്.
കാട്ട്പന്നിയും കാട്ടുപോത്തുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാവാറുണ്ടെങ്കിലും ജനവാസ മേഖലയിലേക്ക് കടുവ ഇറങ്ങുന്നത് ആദ്യം. വനാതിർത്തിക്കും ജനവാസ മേഖലയ്ക്കും ഇടയിൽ ഏക്കർ കണക്കിന് സ്വകാര്യ റബർ എസ്റ്റേറ്റുകളാണുള്ളത്. ടാപ്പിങ്ങ് നടക്കാത്ത ഇവിടെ കാട് മൂടി കിടക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കടുവ ഇറങ്ങിയ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചു. ശാസ്ത്രീയമായി കടുവയെ പിടിക്കാനുള്ള നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് റാന്നി എംഎൽഎ പ്രമോദ് നാരായൺ വനം വകുപ്പ് മന്ത്രിയെ കണ്ടു.