വത്തിക്കാൻ സിറ്റി: ദൈവം മനുഷ്യർക്ക് നൽകിയ മനോഹരമായ കാര്യങ്ങളിലൊന്നൊണ് ലൈംഗികത എന്ന് ഫ്രാൻസിസ് മാർപാപ്പ. ഡിസ്നി പ്ലസ് പ്രൊഡക്ഷന്റെ “ദി പോപ്പ് ആൻസേഴ്‌സ്” എന്ന ഡോക്യുമെന്ററിയിലാണ് ലൈംഗികതയുടെ ഗുണങ്ങളെ അദ്ദേഹം പ്രശംസിച്ചത്. കഴിഞ്ഞ വർഷം റോമിൽ 10-ഓളം പേരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഈ സംവാദവും ഡോക്യുമെന്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ദൈവം മനുഷ്യന് നൽകിയ മനോഹരമായ കാര്യങ്ങളിൽ ഒന്നാണ് ലൈംഗികത. ലൈംഗികത പ്രകടിപ്പിക്കുമ്പോൾ നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നു. അതുകൊണ്ട് ലൈംഗികതയെ വില കുറച്ച് കാണിക്കുന്നതെല്ലാം അതിനെ ചോർത്തിക്കളയുന്നതിന് തുല്യമാണ്’ എന്ന് സ്വയംഭോഗത്തെ പരാമർശിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങൾ, ഗർഭച്ഛിദ്രം, അശ്ലീല വ്യവസായം, ലൈംഗികത, കത്തോലിക്കാ സഭയ്‌ക്കുള്ളിലെ വിശ്വാസം, ലൈംഗിക ദുരുപയോഗം തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മറുപടി നൽകി.
എൽജിബിടി സമൂഹത്തെ കത്തോലിക്കാ സഭ സ്വാഗതം ചെയ്യണമെന്നും മാർപാപ്പ ഡോക്യുമെന്ററിയിൽ പറയുന്നു. ‘എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം ആരെയും തള്ളിക്കളയുന്നില്ല. ദൈവം ഒരു പിതാവാണ്. സഭയിൽ നിന്ന് ആരെയും പുറത്താക്കാൻ എനിക്ക് അവകാശമില്ല’ എന്ന് എൽജിബിടി സമൂഹത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. യുവജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തെ “തുറന്നതും ആത്മാർത്ഥവുമായ സംഭാഷണം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് വത്തിക്കാൻ ഔദ്യോഗിക പത്രമായ എൽ ഒസെർവറ്റോറെ റൊമാനോ മാർപാപ്പയുടെ പരാമർശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.