ഫിഫ ഫുട്ബോൾ റാങ്കിങ് ഒന്നാമതെത്തി ലോക ജേതാക്കളായ അർജന്റീന. ഇന്ന് ഫിഫ പുറത്തു വിട്ട പുതുക്കിയ റാങ്കിങ് ലിസ്റ്റിലാണ് അർജന്റീന ഒന്നാം സ്ഥനത്തേക്ക് ഉയർന്നത്. 2022 ലോകകപ്പ് നേടിയതാണ് റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കാൻ രാജ്യത്തിന് പ്രധാനമായും സഹായകമായത്. ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാമത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്കും ഇറങ്ങി.
ആറ് വർഷങ്ങൾക്ക് ശേഷമാണ് അർജന്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ രാജ്യാന്തര ഇടവേളയിൽ പാനമക്ക് എതിരെയും കുറകാവോക്ക് എതിരെയും മികച്ച വിയോജയങ്ങൾ ടീം നേടിയിരുന്നതും റാങ്കിങ് ഉയരാൻ കാരണമായി. കഴിഞ്ഞ തവണയുണ്ടായിരുന്ന പോയിന്റ് നിലയിൽ നിന്നും 2.55 പോയിന്റുകൾ ഉയർന്ന് 1840.93 പോയിന്റുകൾ നേടിയാണ് അർജന്റീന ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 15.06 പോയിന്റുകൾ ഉയർന്ന് ഫ്രാൻസിന് രണ്ടാമെത്താൻ സാധിച്ചപ്പോൾ ബ്രസീലിനു കുറഞ്ഞത് 6.56 പോയിന്റുകളാണ്.
കഴിഞ്ഞ മാസം നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോയോട് തോറ്റത് ബ്രസീലിനു തിരിച്ചടിയായി. ലോകകപ്പിൽ ക്രോയേഷ്യയോട് തോറ്റ് ക്വാർട്ടർ ഫൈനലിൽ ബ്രസീൽ പുറത്തായിരുന്നു. പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ ദേശീയ ടീമും നേട്ടം കൈവരിച്ചു. 5 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101 ആം റാങ്കിലേക്ക് ഇന്ത്യയുടെ നീലപ്പട ഉയർന്നു.