കുവൈത്തില്‍ വാഹന തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു. ഇതോടെ ഏപ്രിൽ 16 മുതല്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കും. നിലവില്‍ 19 ദിനാര്‍ ആയിരുന്നു പ്രീമിയം. ഇത് 32 ദിനാറായി വര്‍ധിക്കും. ഇതിനുപുറമേ സർവീസ് ചാർജ്ജായി രണ്ട് ദിനാറും വാഹനത്തിലെ ഓരോ യാത്രക്കാരന് ഒരു ദിനാര്‍ വീതം പ്രീമിയവും നല്‍കണമെന്ന് പ്രാദേശിക പത്രമായ കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റാണ് ഇത് സംബന്ധമായ നിര്‍ദ്ദേശത്തിന് അംഗീകാരം നൽകിയത്. ഇന്‍ഷുറന്‍സ് ഫീസ് അടക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ഇൻഷുറൻസ് ക്ലെയിം പൂർത്തിയാക്കിയ തീയതി മുതൽ പരമാവധി 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. കര അതിർത്തികളിലൂടെ കുവൈത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇൻഷുറൻസ് നിരക്കുകളിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്.