ന്യൂഡൽഹി: ഇന്ത്യയിൽ തങ്ങളുടെ ആദ്യ സ്റ്റോർ തുറക്കാനൊരുങ്ങി ആപ്പിൾ. ആപ്പിൾ BKC എന്നറിയപ്പെടുന്ന ഈ സ്റ്റോർ ഈ വർഷം ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. മുംബൈയുടെ തനതായ കാലി പീലി ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആപ്പിൾ BKC സ്റ്റോർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സ്വന്തമായി ഒരു സ്റ്റോർ തുറക്കുന്നതിനുള്ള ചർച്ചകൾ ആപ്പിളിൽ വളരെക്കാലമായി സജീവമായിരുന്നു. തുടർന്നാണ്, മുംബൈയെ തങ്ങളുടെ ആദ്യ സ്റ്റോറിനുള്ള ഇടമായി അവർ കണ്ടെത്തിയത്. കൂടാതെ, ഉടൻ തന്നെ ഡൽഹിയിലും ആപ്പിൾ ഒരു സ്റ്റോർ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ആപ്പിളിന്റെ പലതരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും ആപ്പിൾ സ്റ്റോർ വഴി ലഭ്യമാകും. ആപ്പിളിന്റെ തനതായ ശൈലിയിൽ “ഹലോ മുംബൈ” എന്ന ആശംസ നല്കിയായിരിക്കും സ്റ്റോറിലേക്ക് ആളുകളെ കമ്പനി സ്വാഗത ചെയ്യുക. കൂടാതെ, തങ്ങളുടെ പുതിയ സ്റ്റോർ തുറക്കുന്നതിന്റെ ഭാഗമായി ആപ്പിളിന്റെ ആരാധകർക്ക് ആപ്പിൾ BKC പുതിയ വാൾപേപ്പർ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. കൂടാതെ, ആപ്പിൾ മ്യൂസിക്കിൽ പുതിയ പ്ലേയ് ലിസ്റ്റും ആരാധകർക്ക് ലഭ്യമാക്കും.
ഇന്ത്യൻ വിപണിയിൽ നിന്ന് റെക്കോർഡ് വരുമാനം നേടിയതായി ആപ്പിൾ സിഇഒ ടിം കുക്ക് ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഞങ്ങൾക്ക് പ്രധാനപ്പെട്ട വിപണിയാണെന്നും ഉടൻ തന്നെ അവിടെ ആപ്പിൾ സ്റ്റോർ ലഭ്യമാക്കുമെന്നും അദ്ദേഹം അന്ന് അറിയിച്ചിരുന്നു.