തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഏതാനും കമ്പനികളിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. ചില കമ്പനികള്‍ തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പ്രമുഖ ഐടി കമ്പനിയായ മക്കിന്‍സി അവരുടെ 250 ജീവനക്കാരോട് രാജി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. രാജി നല്‍കുന്നതിനായി ആറ് മാസത്തെ കാലാവധി ആണ് നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ ടെക്‌നോപാര്‍ക്കിലെ പ്രവര്‍ത്തനം കമ്പനി അവസാനിപ്പിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
കൂടാതെ ഏതാനും ചില ജീവനക്കാരെ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റുമെന്ന റിപ്പോര്‍ട്ടും ഉണ്ട്. കമ്പനിയുടെ പ്രധാന ചുമതലകള്‍ വഹിക്കുന്ന, ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്നവരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക മാന്ദ്യ ഭീഷണിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍.കൊവിഡ് കാലത്ത് മികച്ച ഐടി പ്രഫഷണലുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ പല കമ്പനികളും ഉയര്‍ന്ന ശമ്പളത്തിലാണ് ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നത്. എന്നാല്‍ കൊവിഡിന് ശേഷം സാമ്പത്തിക മാന്ദ്യം രൂക്ഷമാകുകയായിരുന്നു. 30 നും 40നും ഇടയില്‍ പ്രായമുളളവരെയാണ് കൂടുതലും പിരിച്ചുവിടുന്നത്.
നിലവില്‍ 480 കമ്പനികളിലായി 7000ത്തോളം ജീവനക്കാരാണ് ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്ത് വരുന്നത്. ഇതില്‍ ആയിരത്തോളം ജീവനക്കാര്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്നവരാണ്. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് നിയമ നടപടി സ്വീകരിക്കുമെന്ന് ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.