ന്യൂഡൽഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നതിനെതിരെ പ്രതിപക്ഷനിരയില്‍ ഭിന്നത. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അദാനിയ്‌ക്കെതിരെ ജെപിസി അന്വേഷണം നടത്തുന്നതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിയോജിപ്പ് അറിയച്ചതോടെയാണ് ഭിന്നത രൂക്ഷമാകുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നില്ലെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. അംബാനിയേയും അദാനിയേയും വിമര്‍ശിക്കുന്നത് ഉചിതമായി തോന്നുന്നില്ലെന്നും ശരദ് പവാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ അയോഗ്യതാ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തമായതിന് പിന്നാലെയാണ് അദാനി വിഷയത്തില്‍ ശരദ് പവാര്‍ എതിര്‍സ്വരമുയര്‍ത്തുന്നത്. അദാനി ഗ്രൂപ്പ് കരുവാക്കപ്പെടുന്നുവെന്ന് സൂചിപ്പിച്ചാണ് ശരദ് പവാറിന്റെ പ്രതികരണം. എന്‍ടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ ജെപിസി അന്വേഷണം ആവശ്യമില്ലെന്ന് പവാര്‍ വ്യക്തമാക്കിയത്.