കൊച്ചി: വലിയ ആഘോഷങ്ങളോടെ പ്രഖ്യാപിച്ച ദുഃഖവെള്ളി ദിനത്തിലെ ബി.ജെ.പിയുടെ മലയാറ്റൂർ മലകയറ്റം പൊളിഞ്ഞു. ക്രിസ്ത്യൻ സമുദായത്തെ പാർട്ടിയോടടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മലയാറ്റൂർ മലകയറുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. എന്നാൽ, ഏതാനും പ്രവർത്തകരുമായി മലയാറ്റൂരിലെത്തിയ രാധാകൃഷ്ണനും സംഘവും മലയകയറാതെ മടങ്ങുകയായിരുന്നു.
ദുഃഖവെള്ളി ദിനത്തിൽ രാവിലെ ആറരയ്ക്ക് മലകയറുമെന്ന് എ.എന്‍ രാധാകൃഷ്ണൻ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. എന്നാൽ, രാധാകൃഷ്ണനും സംഘവും മലയാറ്റൂരിലെത്തിയപ്പോൾ മണി പത്ത് കഴിഞ്ഞു. മൂന്നു കിലോമീറ്ററോളം മല കയറി വേണം കുരിശടിയിലെത്താൻ. പോസ്റ്ററിൽ പറഞ്ഞതുപോലെ മലകയറാനൊന്നും രാധാകൃഷ്ണൻ തയാറായില്ല.
300 മീറ്ററോളം നടന്ന ശേഷം ഒന്നാമത്തെ കുരിശടിക്കുമുൻപ് തന്നെ രാധാകൃഷ്ണനു മടുത്തു. പിന്നെ മുന്നിൽ കണ്ട പാറയിൽ വിശ്രമം. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ മെല്ലെ താഴേക്കിറങ്ങുകയായിരുന്നു. ബി.ജെ.പി ആഘോഷത്തോടെ പ്രഖ്യാപിച്ച പരിപാടി എ.എൻ രാധാകൃഷ്ണൻ നാടകമാക്കിയെങ്കിലും ന്യൂനപക്ഷ മോർച്ച നേതാക്കൾ മലകയറി.
മലയാറ്റൂർ ആത്മീയതയുടെ കേന്ദ്രമാണെങ്കിലും തങ്ങളുടേത് രാഷ്ട്രീയ പരിപാടിയാണെന്ന് മറച്ചുവയ്ക്കാനും രാധാകൃഷ്ണൻ മറന്നു. മലകയറിയെന്ന അവകാശവാദവുമായി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ ചോദ്യംചെയ്ത് പ്രവർത്തകർ തന്നെ രംഗത്തെത്തി. ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ദിനത്തിൽ സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, ബൂത്തുതല പ്രവർത്തകർ മലകയറിയെന്ന് പറഞ്ഞാണ് സ്വന്തം ചിത്രങ്ങൾ രാധാകൃഷ്ണൻ പോസ്റ്റ് ചെയ്തത്.
300 മീറ്റർ മലകയറ്റം ചൂണ്ടിക്കാട്ടി പോസ്റ്റിനു താഴെ പൊങ്കാലയാണ്. മോദിജിയെയും പാർട്ടിയെയും ഇങ്ങനെ നാറ്റിക്കണോയെന്നും രാഷ്ട്രീയപ്രവർത്തനം നടത്താൻ അറിയാത്തവരാണെന്നുമടക്കം പ്രവർത്തകരുടെ ഭാഗത്തുനിന്നും വിമർശനം ഉയരുന്നുണ്ട്.