ദില്ലി: വമ്പൻ കടമെടുപ്പ് നടത്തി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അതിന്റെ ടെലികോം വിഭാഗമായ ജിയോ ഇൻഫോകോമും ചേർന്ന് 5 ബില്യൺ യുഎസ് ഡോളർ ആണ് സമാഹരിച്ചത്. അതായത് ഏകദേശം 40920 കോടി ഇന്ത്യൻ രൂപ. ഇത് ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിൻഡിക്കേറ്റഡ് വായ്പയാണ്.
കഴിഞ്ഞയാഴ്ച 55 ബാങ്കുകളിൽ നിന്ന് റിലയൻസ് 3 ബില്യൺ ഡോളർ സമാഹരിച്ചു, റിലയൻസ് ജിയോ ഇൻഫോകോം 18 ബാങ്കുകളിൽ നിന്ന് 2 ബില്യൺ യുഎസ് ഡോളറിന്റെ അധിക വായ്പയും നേടി. റിലയൻസ് പ്രധാനമായും അതിന്റെ മൂലധനച്ചെലവിനായാണ് ഫണ്ട് കണ്ടെത്തിയത്. അതേസമയം ജിയോ രാജ്യവ്യാപകമായി 5 ജി നെറ്റ്‌വർക്ക് റോൾഔട്ടിനായി പണം നിക്ഷേപിക്കും.
തായ്‌വാനിലെ 24 ബാങ്കുകൾ. ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, എംയുഎഫ്ജി, സിറ്റി, എസ്എംബിസി തുടങ്ങിയ ബാങ്കുകളിൽ നിന്നാണ് വായ്പ നേടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 10 ശതകോടീശ്വരന്മാരിൽ ഇന്ത്യക്കാരനായ ഏക വ്യക്തിയാണ് മുകേഷ് അംബാനി. പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനിയുള്ളത്. 83 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. കഴിഞ്ഞ വർഷം തന്റെ സമ്പത്തിൽ 8% ഇടിവുണ്ടായിട്ടും, മുകേഷ് അംബാനി ഇന്ത്യയുടെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിൽ തന്റെ സ്ഥാനം നിലനിർത്തി.
കഴിഞ്ഞ വർഷം, അംബാനിയുടെ ഓയിൽ-ടു-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസ് 100 ബില്യൺ ഡോളർ വരുമാനം മറികടക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായിരുന്നു. ഒപ്പം കഴിഞ്ഞ വര്ഷം റിലയൻസിൽ തലമുറമാറ്റവും നടന്നിരുന്നു. മുകേഷ് അംബാനി തന്റെ മക്കൾക്ക് പ്രധാന ചുമതലകൾ കൈമാറി.ഇതുപ്രകാരം, മൂത്ത മകൻ ആകാശ് ടെലികോം വിഭാഗമായ ജിയോ ഇൻഫോകോമിന്റെ ചെയർമാൻ, മകൾ ഇഷ റീട്ടെയിൽ ബിസിനസ് മേധാവി, ഇളയ മകൻ അനന്ത് റിലയൻസിന്റെ പുതിയ ഊർജ്ജ സംരംഭങ്ങളുടെ തലവനുമായി.