വാഷിങ്ടൺ: ഫലസ്തീനിലെ ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണച്ച് യു.എസ്. ഇരുരാജ്യങ്ങളിൽനിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന് യു.എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലബനാനിൽനിന്നും ഗസ്സയിൽനിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങളെ ഞങ്ങൾ അപലപിക്കുന്നു. ഇസ്രായേലിന്റെ സുരക്ഷയുടെ കാര്യത്തിൽ അമേരിക്കയുടെ പ്രതിബദ്ധത ഉറച്ചതാണ്. എല്ലാ തരത്തിലുമുള്ള കൈയേറ്റങ്ങളും ചെറുക്കാനുള്ള ഇസ്രായേലിന്റെ ന്യായമായ അവകാശത്തെ ഞങ്ങൾ അംഗീകരിക്കുന്നു-വേദാന്ത് പറഞ്ഞു.
ഏതു രാജ്യത്തെയും നിരപരാധികളായ പൗരന്മാരെ ആക്രമിക്കുന്നത് മനഃസാക്ഷിക്കു നിരക്കാത്തതാണെന്നും യു.എസ് വക്താവ് പറഞ്ഞു. ഇസ്രായേൽ ഭരണകൂടത്തിനും ജനങ്ങൾക്കുമൊപ്പമാണ് യു.എസ്. ഇരുവിഭാഗവും ആക്രമണം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശം യു.എസ് അംഗീകരിക്കുന്നുവെന്നും വേദാന്ത് പട്ടേൽ കൂട്ടിച്ചേർത്തു.
ജർമനിയും ഇസ്രായേൽ ആക്രമണത്തിന് പിന്തുണ അറിയിച്ചിരുന്നു. ഗസ്സയിൽനിന്നും ലബനാനിൽനിന്നുമുള്ള റോക്കറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ജർമനി പ്രതികരിച്ചു. ഉടൻ ആക്രമണം നിർത്തിവയ്ക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബുധനാഴ്ച അൽഅഖ്‌സ പള്ളിയിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ അതിക്രമങ്ങളോടെയാണ് ഇടവേളയ്ക്കുശേഷം മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുത്തത്. അൽഅഖ്‌സയിൽ ഇസ്രായേൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഫലസ്തീൻ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ഫലസ്തീനികൾ പള്ളിയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗസ്സയിൽനിന്നും ദക്ഷിണ ലബനാനിൽനിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടന്നത്. തിരിച്ചടിയായി ഇരുപ്രദേശങ്ങളിലും ഇസ്രായേലിൻരെ കനത്ത വ്യോമാക്രമണവും നടന്നു.