കൊച്ചി: കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന് ഷാനിമോള്‍ ഉസ്മാന്. മഹിളാ കോണ്‍ഗ്രസ്, കെ എസ് യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് ഷാനിമോള്‍ ഉസ്മാന്റെ വിമര്‍ശനം. അടിയന്തരമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനോട് ഷാനിമോള്‍ ആവശ്യപ്പെട്ടു.
വീണ്ടും ജംബോ കമ്മിറ്റിയെ തെരഞ്ഞെടുത്തുകൊണ്ടാണ് കെഎസ്യു ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചത്. പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുമുണ്ടായി. പിന്നാലെ കെപിസിസിയില്‍ നിന്ന് കെഎസ്യു ചുമതലയുള്ള നേതാക്കള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.
പ്രസിഡന്റ് ഉള്‍പ്പെടെ 101 പേര് അടങ്ങുന്നതാണ് കെഎസ്യുവിന്റെ പുതിയ സംസ്ഥാന കമ്മിറ്റി. അലോഷ്യസ് സേവിയര്‍ പ്രസിഡന്റായ സംസ്ഥാന കമ്മിറ്റിയില്‍ നേരത്തെ വൈസ് പ്രസിഡന്റുമാരായിരുന്ന മുഹമ്മദ് ഷംനാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരായി ഉയര്‍ത്തി. ഇതിനു പുറമേ നാലു വൈസ് പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തു.
അതേസമയം ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കെ എസ് യു ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.