എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മാർപാപ്പയുടെ ഈസ്റ്റർ ദിന സന്ദേശം. യുക്രൈൻ ജനതയെ രക്തസാക്ഷികളെന്ന് വീണ്ടും പരാമർശിച്ചാണ് മാർപാപ്പയുടെ സന്ദേശം. പ്രത്യാശയോടെ മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് ഈസ്റ്ററെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കടുത്ത തണുപ്പും അനാരോഗ്യവും മൂലം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയ്ക്ക് പുറത്തുള്ള ചടങ്ങുകളിൽ നിന്ന് മാർപാപ്പ വിട്ടുനിന്നു.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളും നടന്നു. സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും, കാരിക്കോട് സെന്റ് തോമസ് ദേവാലയത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും ദിനമാണ് ഈസ്റ്റർ. ഗാഗുൽത്താമലയിൽ കുരിശുമരണം വരിച്ച ക്രിസ്തു മൂന്നാംനാൾ പുനരുത്ഥാനം ചെയ്തതിന്റെ ഓർമപുതുക്കി ശനിയാഴ്ച അർധരാത്രി മുതൽ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന സുശ്രുഷകൾ നടന്നു.
സഭയിലും കുടുംബത്തിലും ലോകത്തും സമാധാനം ഉണ്ടാകട്ടെയെന്ന് ഈസ്റ്റർ ദിന സന്ദേശത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
കാരിക്കോട് സെന്റ് തോമസ് ദേവാലയത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രാർത്ഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. വിവിധ ദേവാലയങ്ങളിൽ വൈദികരും പ്രാർത്ഥനാ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ ക്രൈസ്തവർ വിരുന്നോടു കൂടി ആഘോഷമാക്കുകയാണിന്ന്.