ദുബായ് : ചിക്കനു പിന്നാലെ മുട്ട വിലയും ഉയരുന്നു. 35 ശതമാനം വരെ മുട്ട വില വർധിച്ചെന്നാണു മാർക്കറ്റ് റിപ്പോർട്ട്. കോഴി ഇറച്ചിക്കും മുട്ടയ്ക്കും 13 ശതമാനം വരെ വില വർധിപ്പിക്കാനാണ് അനുമതി നൽകിയത്. ഫലത്തിൽ ചിക്കനു 28 ശതമാനം വരെ വില വർധിച്ചപ്പോൾ മുട്ടയ്ക്കു വില 35 ശതമാനമാണ് ഉയർന്നത്.
ലഭിച്ച അനുമതിയുടെ മറവിൽ വിതരണക്കമ്പനികൾ കോഴിമുട്ടയുടെ വില വർധിപ്പിക്കുകയായിരുന്നു. 6 മുട്ടയുള്ള ഒരു ചെറു ട്രേയുടെ വില 4.8 ദിർഹത്തിൽ നിന്ന് ആറര ദിർഹമായി ഉയർന്നു. മറ്റൊരു ബ്രാൻഡിന്റെ 15 മുട്ടയടങ്ങിയ 13ൽ നിന്നു 15 ദിർഹമായി. വർധന യഥാക്രമം 35 ശതമാനവും 15.4 ശതമാനവും. 30 ചെറിയ മുട്ടയുള്ള ട്രേയ്ക്ക് 23 ദിർഹമാണ് വില.
നേരത്തെ ഇത്രയും മുട്ട വിറ്റിരുന്നത് 17 ദിർഹത്തിനായിരുന്നു. വില വർധന 35 ശതമാനം. 10 ദിർഹത്തിനു വിറ്റിരുന്ന 15 മുട്ടയുടെ വില 19.5 ശതമാനം കൂടി . ഇപ്പോൾ 11.95 ആണ് പുതിയ വില. വലിയ തരം കോഴിമുട്ടയ്ക്കെല്ലാം വില 20 ശതമാനമാണു കൂടിയതെന്ന് ഉപയോക്താക്കൾ പറയുന്നു. കടകൾ തോറും വില വ്യത്യാസമുണ്ട്. കമ്പനികൾ ഇഷ്ടം പോലെ വില നിശ്ചയിക്കുകയാണെന്നും പരാതിയുണ്ട്.
കോഴിത്തീറ്റ വില വർധന, ഗതാഗത നിരക്കിലെ വ്യത്യാസം, ഇതര അസംസ്കൃത വസ്തുക്കൾക്കുള്ള വില വർധനയുമാണ് കോഴിമുട്ട വിലയിലും പ്രതിഫലിക്കുന്നത് എന്നാണു വിതരണക്കമ്പനി പ്രതിനിധികൾ പറയുന്നത്. വർധിപ്പിക്കാൻ അനുവദിച്ച 13ശതമനത്തിൽ ഉൽപാദന ചെലവ് ഒതുങ്ങില്ലെന്നും കമ്പനികൾ പറയുന്നു. ചെറുത്, ഇടത്തരം, വലുത് എന്നിങ്ങനെ വലുപ്പമനുസരിച്ച് വേർതിരിച്ച് വിൽക്കുന്ന ചില കമ്പനികളുടെ മുട്ടയ്ക്കെല്ലാം പരിധിവിട്ടാണു വില വർധനയെന്നും പരാതിയുണ്ട്.