തിരുവനന്തപുരം: എകെ ആന്‍റണിയുടെ മകനും കോണ്‍ഗ്രസ് ഐടി സെല്‍ മുന്‍ തലവനുമായ അനിൽ ആന്‍റണി ബിജെപിയിലേക്ക് പോയതിൽ ദു:ഖമുണ്ടെന്ന് ശശി തരൂർ എംപി. സ്വയം തീരുമാനം എടുക്കാൻ അനിലിന് സ്വാതന്ത്ര്യം ഉണ്ട്, പക്ഷേ ആശയപരമായി തീർത്തും വിരുദ്ധമായ രാഷ്ട്രീയത്തിലേക്ക് പോകുമെന്ന് കരുതിയില്ലെന്ന് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും നിരവധി പേർ കർണാടകയിൽ ബിജെപി ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് വന്നിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടിക്ക് ഗുണമാകുമെന്നും ശശി തരൂര്‍ പറഞ്ഞു. കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരിയുടെ ബിജെപി അനുകൂല പ്രസ്താവനയ്ക്കെതിരെയും തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. ക്രൈസ്തവരോടുള്ള സമീപനത്തില്‍ ബിജെപിക്ക് രണ്ട് മുഖമാണ്. ഒരു ഭാഗത്ത് ക്രിസ്ത്യൻ ന്യൂനപക്ഷ പ്രീണനം നടത്തുമ്പോൾ മറുഭാഗത്ത് അവർക്കെതിരെ അക്രമം വർധിക്കുന്നു. പല ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾക്കുമെതിരെ ഒരക്ഷരം മിണ്ടാത്തവരാണ് ബിജെപി നേതാക്കൾ. മോദിയുടെ പ്രസംഗം മാത്രമല്ല, ബിജെപിയുടെ ഹിന്ദുത്വമുഖമാണ് കാണേണ്ടതെന്നും തരൂർ പറഞ്ഞു.
നരേന്ദ്രമോദി മികച്ച നേതാവെന്നും ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്നുമായിരുന്നു സിറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന. കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഒരേ പോലെ സാധ്യതയുണ്ടെന്നുമായിരുന്നു ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ ആലഞ്ചേരിയുടെ വാക്കുകള്‍.