ന്യൂഡൽഹി• തന്റെ അരികിലെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിക്കുന്ന ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ വിഡിയോ വിവാദമാകുന്നു. കുട്ടിയുടെ ചുണ്ടിൽ ചുംബിച്ച ദലൈലാമ അവനോട് തന്റെ നാവിൽ നക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതാണ് സംഭവം വിവാദമാകാൻ കാരണം.
ദലൈലാമയുടെ അടുത്ത് അനുഗ്രഹം തേടിയെത്തിയതാണ് ബാലൻ. കുട്ടിയെ ചുംബിച്ച ശേഷം അദ്ദേഹം തന്റെ നാവ് പുറത്തേക്ക് ഇട്ട് ‘എന്റെ നാവിൽ നക്കാൻ കഴിയുമോ?’ എന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ വിഡിയോ ട്വിറ്ററിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നത്.
എന്തിനാണ് ദലൈലാമ കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് ദലൈലാമ തന്നെയാണോ എന്നും ചോദിക്കുന്നവരുണ്ട്. ഇത് തീർത്തും നീതികരിക്കാനാകാത്ത കാര്യമാണെന്നും ബാലപീഡനത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്.
2019ൽ തന്റെ പിൻഗാമി ഒരു സ്ത്രീയായിരുന്നെങ്കിൽ അവർ കൂടുതൽ ആകർഷണീയത ഉള്ളവളാകണമെന്ന ദലൈലാമയുടെ പരാമർശം വൻ വിവാദമായിരുന്നു. ഇത് വിവാദമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. അടുത്തിടെ എട്ടു വയസ്സുള്ള മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി തിരഞ്ഞെടുത്തിരുന്നു.