ആലപ്പുഴ ഹരിപ്പാട് എസ്എഫ്ഐ ഏരിയ സമ്മേളനത്തിൽ പൊട്ടിത്തെറി. 97 പ്രതിനിധികളിൽ 80 പേരും ഇറങ്ങിപ്പോയി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ സാന്നിധ്യത്തിലാണ് ഇറങ്ങിപ്പോക്കും പ്രതിഷേധവും. ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സജി ചെറിയാൻ – ആർ. നാസർ വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നതയാണ് സമ്മേളനം നിർത്താൻ കാരണം. ( conflict in Alappuzha Haripad SFI Area Conference ).
ഇന്ന് രാവിലെ ചേർന്ന എസ്എഫ്ഐ ഹരിപ്പാട് ഏരിയ സമ്മേളനമാണ് ഉച്ചയ്ക്കുശേഷം പ്രതിഷേധത്തിന്റെയും ഇറങ്ങിപോക്കിന്റെയും വേദിയായത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പുതിയ ഭാരവാഹി പാനൽ അവതരിപ്പിച്ചതിന് പിറകെയാണ് പ്രതിഷേധം. ആരോപണ വിധേയനായ ഏരിയ സെക്രട്ടറിയ്ക്കെതിരെ നടപടി എടുക്കാത്തതിലും ചർച്ചയിൽ പ്രതിഷേധം ഉയർന്നു. ഇതോടെയാണ് 80 ഓളം വരുന്ന ഭാരവാഹികളും സമ്മേളന ഹാളിൽ നിന്നും ഇറങ്ങിപ്പോയത്. സംസ്ഥാന സെക്രട്ടറി ഇടപെട്ടിട്ടും പ്രശ്നപരിഹാരമായില്ല.
ഇതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാതെ സമ്മേളനം പിരിഞ്ഞു. ഇനി എസ്എഫ്ഐ പാർട്ടി ഫ്രാക്ഷൻ ചേർന്നായിരിക്കും തുടർ കാര്യങ്ങൾ തീരുമാനിക്കുക. സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍. നാസറിനെ അനുകൂലിക്കുന്ന ഹരിപ്പാട് കമ്മിറ്റിയിൽ ആണ് നിലവിൽ സിപിഐഎമ്മിലെ വിഭാഗീയ പ്രശ്നം എസ്എഫ്ഐ യിലേക്ക് വ്യാപിക്കുന്നത്. സിപിഐഎം ഹരിപ്പാട് ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് ഇറങ്ങി പോക്കെന്നാണ് സൂചന.
രാവിലെ എസ്എഫ്ഐ ഭാരവാഹികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം ഏരിയാ കമ്മിറ്റിയിലും തർക്കം നടന്നിരുന്നു. ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഏരിയാ കമ്മിറ്റികളെപ്പറ്റി അന്വേഷിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിൽ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളുള്ള ഏരിയ കമ്മിറ്റിയാണ് ഹരിപ്പാട്.