ദുബൈ: ‘വൺ ബില്യൻ മീൽസ്’ പദ്ധതിയിലേക്ക് 9.79 കോടി ദിർഹം സമാഹരിച്ച് ദുബൈയിൽ നടന്ന ഫാൻസി നമ്പർപ്ലേറ്റ് ലേലം. ജുമൈറയിലെ ഫോർ സീസൺസ് ഹോട്ടലിലാണ് ഫാൻസി കാർ നമ്പർ പ്ലേറ്റുകളുടെയും മൊബൈൽ ഫോൺ നമ്പറുകളുടെയും ലേലം നടന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പട്ടിണിയനുഭവിക്കുന്ന നൂറു കോടി ജനങ്ങളിലേക്ക് അന്നമെത്തിക്കാനായി യു.എ.ഇ. ഭരണകൂടം ആരംഭിച്ചതാണ് ‘വൺ ബില്യൺ മീൽസ്’ പദ്ധതി
ഒന്നരപ്പതിറ്റാണ്ട് മുമ്പുള്ള ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റിന്‍റെ റെക്കോർഡാണ് ‘ദുബൈ പി 7’ മറികടന്നത്. 5.5കോടി ദിർഹത്തിനാണ്ഈ നമ്പർ ലേലത്തിൽ പോയത്. എച്ച് 31, ഡബ്ല്യൂ 78, എൻ 41, എ.എ 19, എ.എ 22, എക്സ് 36, ഇസെഡ് 37, എ.എ 80 എന്നിവയാണ് ലേലത്തിൽ വിറ്റുപോയ മറ്റു നമ്പറുകൾ.
‘ദുബൈ പി7’ നമ്പർ നേടിയെടുക്കാനായി നിരവധി പേരാണ് ലേലത്തിൽ പങ്കെടുത്തത്. 2008ൽ അബൂദബിയിൽ നടന്ന ലേലത്തിൽ ഒന്നാം നമ്പർപ്ലേറ്റ് 5.22 കോടി നേടിയതായിരുന്നു ഏറ്റവും വിലയേറിയ നിലവിലെ തുക. രണ്ടാമത്തെ ഏറ്റവും ഉയർന്ന സംഖ്യ നേടിയത് എ.എ 22 എന്ന നമ്പറാണ്. 84 ലക്ഷം ദിർഹത്തിനാണിത് വിറ്റുപോയത്. എ.എ 19 എന്നനമ്പർ 49 ലക്ഷം ദിർഹമും നേടി.
‘ഡു’വിന്‍റെ പത്ത് മൊബൈൽഫോൺ നമ്പറുകളും ഇത്തിസലാത്തിന്‍റെ 11 ഫോൺ നമ്പറുകളും ലേലത്തിനുണ്ടായിരുന്നു. ലേലത്തിൽ സമാഹരിച്ച എല്ലാ തുകയും ‘വൺ ബില്യൻ മീൽസി’ലേക്കാണ് നൽകുക. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ് ബിൻ റാശിദ്ആൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലേക്ക് റമദാനിലെ ആദ്യ പകുതിയിൽ മാത്രം 51.4 കോടി ദിർഹം ലഭിച്ചിട്ടുണ്ട്.