ന്യൂഡൽഹി: ബ്രിട്ടണുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം. കഴിഞ്ഞ മാസം ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖാലിസ്ഥാനി അനുകൂലികളുടെ ആക്രമണത്തിൽ നടപടി സ്വീകരിക്കുന്നതിൽ യുകെ വീഴ്ച വരുത്തിയതിൽ പ്രതിഷേധിച്ച് ബ്രിട്ടണുമായുള്ള വ്യാപാര ചർച്ചകളിൽ നിന്നും ഇന്ത്യ പിൻമാറിയെന്നായിരുന്നു വാർത്ത.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ ടൈംസ് ആണ് ഇതു റിപ്പോർട്ട് ചെയ്തത്. സംഭവം വലിയ ചർച്ചയായതോടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കുകയായിരുന്നു. വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അറിയിക്കുന്നതിനൊപ്പം വരുന്ന ഏപ്രിൽ 24ന് ലണ്ടനിൽ വച്ച് ഔദ്യോഗികമായ ചർച്ചകൾ നടക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം മാർച്ച് 18ന് അമൃത്പാലിനെതിരായ നടപടി ഇന്ത്യയിൽ രൂക്ഷമായതോടെയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഖാലിസ്ഥാനി അനുകൂലികൾ ആക്രമിച്ചത്. ഹൈക്കമ്മീഷനിൽ ഉയർത്തിയ ത്രിവർണ പതാക അക്രമികൾ ബലംപ്രയോഗിച്ച് താഴ്‌ത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ അതിരൂക്ഷമായ ഭാഷയിലാണ് ഇന്ത്യ മറുപടി നൽകിയത്. കൂടാതെ ഹൈക്കമ്മീഷന് മുന്നിൽ മുമ്പത്തേക്കാൾ വലിയ ദേശീയ പതാക സ്ഥാപിച്ച് ഖാലിസ്ഥാനികൾക്ക് തക്ക മറുപടി നൽകുകയും ചെയ്തിരുന്നു.