മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. വാട്സാപ്പിനുള്ളിൽ നിന്ന് കോൺടാക്റ്റുകൾ ചേർക്കാനും എഡിറ്റ് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചറും വൈകാതെ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
നിലവിൽ പുതിയ കോണ്ടാക്റ്റ് ചേർക്കാനും എഡിറ്റ് ചെയ്യാനും വാട്സാപ്പിന് പുറത്തു കടന്നാല്‍ മാത്രമാണ് സാധിക്കുക. ഇതിനൊരു പരിഹാമാണ് വാട്സാപ് ഒരുക്കുന്നത്. വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ കോൺടാക്റ്റുകൾ ചേർക്കാനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
വാട്സാപ്പിലെ കോൺടാക്റ്റ് ലിസ്റ്റ് ഓപ്പൺ ചെയ്ത് ‘ന്യൂ കോൺടാക്റ്റ്’ ഓപ്ഷൻ തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് അവരുടെ ഹാൻഡ്സെറ്റുകളിൽ ഫീച്ചറിന്റെ ലഭ്യത പരിശോധിക്കാം. ‘ന്യൂ കോൺടാക്റ്റ്’ ഓപ്ഷൻ ലഭ്യമാണെങ്കിൽ വാട്സാപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ പുതിയ കോൺടാക്റ്റുകൾ ചേർക്കാം.