തിരുവനന്തപുരം: ക്ലിഫ്ഹൗസിൽ പുതിയ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ ചെലവായത് 12.93 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലക്ഷങ്ങള്‍ ചെലവിട്ട് പുതിയ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രോണിക് വിഭാഗമാണ് വിവരാവകാശ നിയമപ്രകാരം കണക്കുകൾ പുറത്തുവിട്ടത്.
2021 മെയ് മാസം മുതൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതിയിൽ നടത്തിയ ഇലക്ട്രോണിക് വിവരങ്ങളുടെ വിശദാംശം ആരാഞ്ഞ് കോൺഗ്രസ് നേതാവ് സി.ആർ പ്രാണകുമാർ നൽകിയ അപേക്ഷയിലാണ് മറുപടി. ആകെ 12,93,957 രൂപയാണ് ഇതിനു ചെലവിട്ടതെന്നാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കിയത്. ക്ലിഫ് ഹൗസിൽ ഈ കാലയളവിൽ ഇ.പി എ.ബി.എക്സ് സംവിധാനം സ്ഥാപിക്കാനായി 2,13,545 രൂപയും ചെലവാക്കി. ലാൻ പോയിൻ്റുകൾ സ്ഥാപിക്കാനായി ചെലവായത് 13,502 രൂപയാണ്.
പുതിയ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചത് ദുരൂഹമാണെന്ന് ആരോപിച്ച് അപേക്ഷകനായ പ്രാണകുമാർ രംഗത്തെത്തി. പുതിയ കാമറകള്‍ സ്ഥാപിച്ചപ്പോൾ പഴയ ദൃശ്യങ്ങൾ നശിപ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2016 മുതൽ 2020 വരെയുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ സ്വപ്ന സുരേഷ് വെല്ലുവിളിച്ചതുകൂടി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സി.ആർ പ്രാണകുമാർ ആവശ്യപ്പെട്ടത്.