പിങ്ടാൺ: തായ്‍വാൻ കടലിടുക്കിലെ മൂന്ന് ദിവസത്തെ സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയതായി ചൈന. യുഎസുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ തായ്‌പേയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ചൈനയിൽ സൈനികാഭ്യാസം കടുപ്പിച്ചത്. ലോസ് ആഞ്ചൽസിൽ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്.മൂന്ന് ദിവസത്തെ സൈനികാഭ്യാസം വിജയകരമായി പൂർത്തിയാക്കിയെന്ന് ചൈനീസ് സൈന്യം അറിയിച്ചു.
12 യുദ്ധക്കപ്പലുകളും 91 യുദ്ധവിമാനങ്ങളുമാണ് സൈനികാഭ്യാസത്തിന്റെ മൂന്നാംദിവസം ചൈന വിന്യസിച്ചതെന്ന് തായ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിൽ ജെ- 15 യുദ്ധവിമാനവും ഉണ്ടായിരുന്നു. ‘ജോയന്റ് സോർഡ്’എന്ന പേരിലായിരുന്നു ചൈന സൈനികാഭ്യാസം നടത്തിയത്.
ചൈനീസ് മേഖലയായ ഷാൻഡോംഗ് ജപ്പാനിലെ ഒകിനാവാൻ ദ്വീപുകൾക്ക് സമീപമുള്ള വെള്ളത്തിൽ ഞായറാഴ്ച വ്യോമാക്രമണം നടത്തിയതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സായ്-മക്കാർത്തി കൂടിക്കാഴ്ചയോട് സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചൈന സാമ്പത്തികഉപരോധവും യാത്രാവിലക്കുമേർപ്പെടുത്തിയിരുന്നു.തായ്‍വാനെ എങ്ങനെയെങ്കിലും തങ്ങളുടെ അധീനതയിലാക്കണമെന്നാണ് ചൈനയുടെ ലക്ഷ്യം. സ്വയംഭരണമേഖലയായ തായ്‍വാനുമായുള്ള നയതന്ത്രബന്ധം സമ്മർദത്തെ തുടർന്ന് മധ്യഅമേരിക്കൻ രാജ്യമായ ഹോണ്ടൂറാസ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് ചൈനയുമായി പുതിയ ബന്ധത്തിന് തുടക്കമിട്ടു. തായ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മധ്യഅമേരിക്കൻ രാജ്യങ്ങളായ ഗ്വാട്ടിമാല, ബെലിസ് എന്നിവ സന്ദർശിക്കാനായി തീരുമാനിച്ചു.