തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുതലമുറ നേതാക്കളെ കൂടുതല്‍ ഉള്‍പ്പെടുത്തിയാണ് കമ്മറ്റി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. കോര്‍ കമ്മറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സുരേഷ് ഗോപിയെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം കോർ കമ്മിറ്റിയിൽ അൽഫോൺസ് കണ്ണന്താനത്തെ ഉൾപ്പെടുത്തുകയും ചെയ്തു. നിലവിൽ ദേശീയ-സംസ്ഥാന ഭാരവാഹിത്വം ഒന്നുമില്ലാത്ത കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുക വഴി ക്രിസ്ത്യൻ സമുദായത്തെ പാർടിയോട് കൂടുതൽ അടുപ്പിക്കുക എന്ന തന്ത്രമാണ് ബിജെപി നടപ്പാക്കാൻ ഉദ്ധേശിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
കെഎസ് രാധാകൃഷ്ണന്‍, വിവി രാജേഷ്, കെകെ അനീഷ് കുമാര്‍, പ്രഫുല്‍ കൃഷ്ണന്‍, നിവേദിത എന്നിവരാണ് പുതുതായി കോര്‍ കമ്മറ്റിയില്‍ ഇടംനേടിയത്. കെ സുരേന്ദ്രന്‍, ഒ രാജഗോപാല്‍, വി മുരളീധരന്‍, സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, എഎന്‍ രാധാകൃഷ്ണന്‍, എം ഗണേശന്‍, കെ സുഭാഷ് എന്നിവരായിരുന്നു നിലവിലുണ്ടായിരുന്ന കോര്‍ കമ്മറ്റി അംഗങ്ങള്‍. ഈ കമ്മറ്റിയിലേക്ക് ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പുതിയ നേതാക്കളെ കോര്‍ കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്തിയപ്പോഴും ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിക്കും ഇടം നേടാനായില്ല. സംഘടന പ്രവര്‍ത്തനം നടത്തുന്ന പുതിയ നേതാക്കളെ ആലോചന സമിതികളിലേക്ക് കൊണ്ടുവരിക എന്ന നീക്കമാണ് ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ബിജെപി തൃശ്ശൂര്‍ ജില്ലാ അദ്ധ്യക്ഷനാണ് കെകെ അനീഷ് കുമാര്‍. യുവമോര്‍ച്ചയുടെയും മഹിളാ മോര്‍ച്ചയുടെയും നേതാക്കളെ കോര്‍കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതോടെ പുതിയ നേതൃത്വത്തെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാനാണ് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നത് എന്ന സൂചന കൂടിയുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ ഉപദേശക സമിതി എന്ന നിലക്കാണ് കോർ കമ്മിറ്റി പ്രവർത്തിക്കുക.