മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കിയ കേസില്‍ 16 വയസുകാരന്‍ പിടിയില്‍. സമീപകാലത്ത് നിരവധി തവണ അദ്ദേഹത്തിനു നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച രാത്രി 9 മണിയോടെ മുംബൈ പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണില്‍ ഭീഷണിസന്ദേശം എത്തിയത്. ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കും എന്നാണ് ഇത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ആളാണ് താനെന്നും റോക്കി ഭായ് എന്നാണ് പേരെന്നുമാണ് വിളിച്ചയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം താനൊരു ഗോസംരക്ഷകനാണെന്നും സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട് ഇയാള്‍.
ഇതേത്തുടര്‍ന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസത്തില്‍, താനെ ജില്ലയിൽ നിന്നുള്ള 16 വയസ്സുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. രാജസ്ഥാൻ സ്വദേശിയായ കൗമാരക്കാരനെ ചൊവ്വാഴ്ചയാണ് പോലീസ് പിടികൂടിയത്. താനെ ജില്ലയിലെ ഷഹാപൂരില്‍ നിന്നാണ് കോള്‍ വന്നത് എന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സൂചനകള്‍ വച്ചാണ് മുംബൈ പോലീസ് വിളിച്ചയാളെ പിടികൂടിയതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ഭീഷണി കോള്‍ വിളിച്ചയാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും. ഇയാള്‍ തമാശയ്ക്ക് ചെയ്തതാണെന്നാണ് കരുതുന്നതെന്നും. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുംബൈ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ്‍യും സല്‍മാന്‍ ഖാനെതിരെ അടുത്തിടെ വധഭീഷണി മുഴക്കിയിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു ഇത്. പിന്നാലെ ലോറന്‍സ് ബിഷ്‍ണോയ്‍യുടെ സംഘത്തിന്‍റെ പേരില്‍ വധഭീഷണിയടങ്ങിയ ഒരു ഇമെയില്‍ സന്ദേശവും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സല്‍മാന്‍ ഖാന്‍റെ മുംബൈയിലെ വസതിക്ക് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.