ബംഗളുരു: കർണാടകയിൽ തെഞ്ഞെടുപ്പ് ചൂട് കൂടുകയാണ്. ഇതനുസരിച്ച് രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളും ഏറുകയാണ്. കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് രണ്ടു ലക്ഷം രൂപ നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ജെ.ഡി.എസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയിരിക്കുകയാണ്.
കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയിലാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം. മെയ് 10-നാകും തെരഞ്ഞെടുപ്പ് നടക്കുക. കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ലെന്ന പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ജെ.ഡി.എസ് സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ കര്‍ഷകരുടെ ആണ്‍മക്കളെ വിവാഹം ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നമ്മുടെ ആണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പദ്ധതികളിലൊന്നാകുമിതെന്ന് കുമാരസ്വാമി അവകാശപ്പെട്ടു.