ദില്ലി: പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഖർഗെയുടെ വസതിയിൽ വെച്ചാണ് നിതീഷ് കുമാറും തേജസ്വി യാദവും രാഹുൽ ഗാന്ധിയും ചർച്ച നടത്തിയത്. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.
പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഖർഗെ പറഞ്ഞു. സമാനമനസ്കരെ ഒരുമിച്ച് നിർത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. 2024 ൽ തെരഞ്ഞെടുപ്പിനെ എല്ലാവരും ഒരുമിച്ച് നിന്ന് നേരിടണം. സമാനമനസ്കരായ എല്ലാവരെയും ഒന്നിപ്പിക്കണമെന്ന പൊതു അഭിപ്രായമാണ് ചർച്ചയിൽ ഉണ്ടായത്.
പൊതുവായ ലക്ഷ്യത്തെക്കുറിച്ച് ചർച്ച ആവശ്യമാണ്. എല്ലാവരെയും ഒന്നിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജനാധിപത്യ, മതേതര പാർട്ടികളെ ഒന്നിപ്പിക്കേണ്ട സാഹചര്യമുണ്ട്. വരും ദിവസങ്ങളിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായും അഖിലേഷുമായും ചർച്ച നടത്തുന്നുണ്ട്.