ലക്നൌ : യുപിയിൽ എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ ആതിക് അഹമ്മദിന്റെ മകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപി എസ്ടിഎഫുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഒളിവിൽ കഴിയുകയായിരുന്ന അസദ് അഹമ്മദ് കൊല്ലപ്പട്ടത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് യുപി സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അസദിനെ കൂടാതെ കേസിലെ മറ്റൊരു പ്രതി ഗുലാമും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
രണ്ട് പേരാണ് സാക്ഷി വധക്കേസിൽ ഇതുവരെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അസദിനെ ജീവനോടേ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ് ടി എ ഫ് പറഞ്ഞു. അസദിൽ നിന്ന് വിദേശ നിർമ്മിത തോക്കുകളും പിടികൂടി. നീതി ലഭിച്ചെന്ന് കൊല്ലപ്പെട്ട സാക്ഷി ഉമേഷ് പാലിൻ്റെ കുടുംബം പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാദിന് നന്ദിയെന്നും ഉമേഷ് പാലിൻ്റെ കുടുംബം പറഞ്ഞു. ഏറ്റുമുട്ടലിൽ അസദിനെ കൊലപ്പെടുത്തിയ യുപി എസ്ടിഎഫിനെ അഭിനന്ദിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കുറ്റവാളികളുടെ വിധിയെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.