Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഹുൽ ഗാന്ധിയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്

രാഹുൽ ഗാന്ധിയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്

രാഹുൽ ഗാന്ധിയ്‌ക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. രാഹുലിന്റെ പാർലമെന്റ് അംഗത്വം തന്നെ നഷ്ടപ്പെടുത്തിയത് ഒരു മാനനഷ്ടക്കേസും അതിന്റെ വിധിയുമായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ കോൺഗ്രസ്സിനും രാഹുലിനും കടുത്ത വെല്ലുവിളി ഉയർത്തികൊണ്ട് പുതിയ മാനനഷ്ട കേസ് പൂനെയിൽ ഫയൽ ചെയ്തതായാണ് വിവരം. ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് ദാമോദർ സവർക്കറുടെ ചെറുമകനാണ് ഇത്തവണ രാഹുലിനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധി നിരന്തരം തന്റെ പ്രസംഗങ്ങളിൽ സവർക്കറിനെ അപകീർത്തിപ്പെടുത്തുന്നു എന്നാണ് ആരോപണം. ഇത് രാഹുൽ ഗാന്ധിക്ക് പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ സത്യകി സവർക്കറാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ പൂനെ കോടതിയെ സമീപിച്ചത്. ജയിലിൽ നിന്ന് പുറത്തുകടക്കാൻ സവർക്കർ ബ്രിട്ടീഷുകാരോട് “മാപ്പ് പറഞ്ഞു” എന്ന് രാഹുൽ ഗാന്ധി പലപ്പോഴും ആരോപിക്കാറുണ്ട് എന്നും, അത് കൂടാതെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തെ നിരാകരിച്ച് കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹം ഗാന്ധിയാണെന്നും മാപ്പ് പറയാൻ താൻ സവർക്കറല്ല എന്നുമായിരുന്നു. ഈ പ്രസ്താവനകളിലൂടെ രാഹുൽ ഗാന്ധി ഹിന്ദുത്വ സൈദ്ധാന്തികനെ അവഹേളിച്ചതായി സത്യകി സവർക്കർ ആരോപിക്കുന്നു.

ഇന്നത്തെ നാസിക് ജില്ലയിൽ 1883 മെയ് 28 നാണ് സവർക്കർ ജനിച്ചത്. നിലവിൽ മഹാരാഷ്ട്രയിൽ അധികാരത്തിലുള്ള ബിജെപിയും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും സവർക്കർ രാജ്യത്തിന് നൽകിയ സംഭാവനകളെ ആദരിക്കുന്നതിനും അദ്ദേഹത്തിനെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനത്തെ ചെറുക്കുന്നതിനുമായി സംസ്ഥാനത്തെ ഓരോ ജില്ലയിലും സവർക്കർ ഗൗരവ് യാത്രകൾ നടത്തിയിരുന്നു. മാത്രമല്ല മഹാ വികാസ് അഘാഡി (എം‌വി‌എ) യിലെ മൂന്ന് സഖ്യകക്ഷികൾ അന്തരിച്ച ഹിന്ദുത്വ സൈദ്ധാന്തികനെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നതിനാൽ സവർക്കറുടെ വിഷയം മഹാരാഷ്ട്രയിൽ ഉന്നയിക്കേണ്ടതില്ലെന്ന് കോൺഗ്രസ്സ് സമ്മതിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ നേരത്തെ പറഞ്ഞിരുന്നു.

2019 ഏപ്രിൽ 13 ന് ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ “എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നു” എന്ന പരാമർശത്തിൽ മാർച്ച് 23 ന് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തിന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വിധിക്കെതിരെ അഡീഷണൽ സെഷൻസ് ജഡ്ജി ആർ പി മൊഗേര മുമ്പാകെയാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകിയത്. അതിനിടയിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണം എന്ന് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അപ്പീൽ തീർപ്പാക്കുന്നതുവരെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. അതിനിടെയാണ് ഇപ്പോൾ പുതിയ കേസ് രാഹുൽ ഗാന്ധിയ്ക്ക് എതിരെ ഫയൽ ചെയ്തിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments