കീവ് : യുക്രെയ്നിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ കൊല്ലപ്പെട്ട 82 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യ കൈമാറി. മൃതദേഹങ്ങൾ സ്വീകരിച്ചതായി അറിയിച്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ജനീവ കരാർ അനുസരിച്ചുള്ള നടപടിയാണിതെന്നല്ലാതെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുദ്ധത്തടവുകാരോട് റഷ്യ ക്രൂരമായി പെരുമാറുന്നതായി യുക്രെയ്ൻ ആരോപിച്ചിരുന്നു.
ഇതേസമയം, യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ഒരു രാജ്യത്തിനും ആയുധങ്ങൾ നൽകില്ലെന്ന് ചൈനയുടെ വിദേശകാര്യമന്ത്രി ക്വിൻ ഗാങ് ബെയ്ജിങ്ങിൽ അറിയിച്ചു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സഹായിക്കാൻ ചൈന തയാറാണന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിൽ ഉപയോഗിക്കാനായി ചൈന റഷ്യയിലേക്ക് വൻതോതിൽ ആയുധങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചില യൂറോപ്യൻ രാജ്യങ്ങളും ആരോപിച്ചിരുന്നു.
റഷ്യയുടെയും ബെലാറൂസിന്റെയും താരങ്ങൾക്കൊപ്പം രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് യുക്രെയ്ൻ താരങ്ങളെ സർക്കാർ വിലക്കി. യുക്രെയ്നിൽ റഷ്യയുടെ അധിനിവേശത്തിനു ശേഷവും രാജ്യാന്തര മത്സരങ്ങളിൽ ന്യൂട്രലായി പങ്കെടുക്കാൻ റഷ്യൻ താരങ്ങളെ അനുവദിച്ച രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണിത്.
ഇതിനിടെ, റഷ്യ നിയന്ത്രണം പിടിച്ച ബഹ്മുതിലെ ചില ഭാഗങ്ങളിൽ നിന്ന് യുക്രെയ്ൻ പിന്മാറിത്തുടങ്ങി. ശക്തമായ പ്രത്യാക്രമണം ഉടൻ ഉണ്ടാകുമെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.