ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യൻ നിർമിത എസ്-400ന്‍റെ ഇന്ത്യയിലെ പരീക്ഷണം ഉടന്‍ നടക്കുമെന്ന് റിപ്പോർട്ട്. ചെറുകിട, ഇടത്തരം റേഞ്ച് മിസൈലുകളിലൊന്ന് പ്രയോഗിച്ച് എസ്–400 ന്റെ പരീക്ഷണം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. പാക്ക്–ചൈന അതിര്‍ത്തികളില്‍ ഇപ്പോള്‍ തന്നെ എസ്-400 സംവിധാനം ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. എസ്–400 ന്റെ മൂന്നാമത്തെ യൂണിറ്റും ഇന്ത്യയിലെത്തി കഴിഞ്ഞു. ആദ്യത്തെ രണ്ട് എസ്–400 യൂണിറ്റുകൾ യഥാക്രമം വടക്കൻ, കിഴക്കൻ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. വ്യത്യസ്ത ശ്രേണിയിലുള്ള മിസൈലുകൾ ഉപയോഗിക്കാൻ ശേഷിയുള്ള എസ്–400ന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, 400 കിലോമീറ്റർ വരെ ദൂരത്തിൽ പറക്കുന്ന ആളില്ലാ വിമാനങ്ങൾ എന്നിവയെ നേരിടാൻ കഴിയും.
എസ്-400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിശീലനത്തിനായി വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം ഉദ്യോഗസ്ഥർ റഷ്യ സന്ദർശിച്ചിരുന്നു. റഷ്യൻ മിലിട്ടറിയിൽ നിന്നുള്ള സംയുക്ത സംഘമാണ് പരിശീലനം നൽകിയത്. എസ്–400 ന്റെ നിർമാതാക്കളും പരിശീലനം നൽകുന്നുണ്ട്. അമേരിക്കയുടെ ഭീഷണികളെ മറികടന്നാണ് 2018 ൽ ഇന്ത്യ അഞ്ച് എസ്-400 യൂണിറ്റുകൾ വാങ്ങാൻ തീരുമാനിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് എസ്–400 വിന്യസിക്കുന്നത്. ലഡാക്കിലും അരുണാചൽ പ്രദേശിലുടനീളമുള്ള ടിബറ്റിലെ എൻഗാരി ഗാർ ഗുൻസയിലും നൈൻചി എയർബേസിലും ചൈന ഇതിനകം തന്നെ രണ്ട് എസ്-400 സ്ക്വാഡ്രണുകൾ വിന്യസിച്ചിട്ടുണ്ട്.