ഇന്ത്യയിലെ റെയിൽവേ ശൃംഖലയുടെ പുരോഗതിക്കായി നിരവധി പദ്ധതികളാണ് റെയിൽവേ നടപ്പിലാക്കുന്നത്. ഈ വികസനത്തിന്റെ ഭാഗമായി, ഇന്ത്യൻ റയിൽവേ തദ്ദേശീയമായി നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ വിവിധ റൂട്ടുകളിൽ വിന്യസിച്ചിട്ടുണ്ട്. ഈ നൂതന സെമി-ഹൈ സ്പീഡ് ട്രെയിനിന്റെ വിജയത്തെത്തുടർന്ന്, ഇന്ത്യയിൽ വന്ദേ മെട്രോ ആരംഭിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് റെയിൽവേ. 2023 ഡിസംബറോടെ വന്ദേ മെട്രോ ഇന്ത്യയിൽ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
2024-2025ൽ ട്രെയിൻ ഉൽപ്പാദനം വർധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും സുഖകരവും താങ്ങാനാവുന്നതുമായ യാത്രാസൗകര്യം ലഭ്യമാക്കുന്നതിനാണ് പുതിയ ട്രെയിൻ റേക്കുകളുടെ നിർമ്മാണം ലക്ഷ്യമിടുന്നത്.
വന്ദേ മെട്രോ: സവിശേഷതകൾ
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ മെട്രോ വേഗതയേറിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്രെയിൻ യാത്രക്കാർക്ക് അതിവേഗ ഷട്ടിൽ പോലുള്ള അനുഭവം നൽകും. കൂടാതെ, ഏകദേശം 8 കോച്ചുകളുള്ള ട്രെയിനിന് താരതമ്യേന വലിപ്പം കുറവായിരിക്കും. സാധാരണയായി 16 കോച്ചുകളുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ നിന്നുള്ള വലിയ മാറ്റമാണിത്.
വന്ദേ മെട്രോ: റൂട്ട്
വന്ദേ ഭാരത് ട്രെയിനുകൾ വലിയ ദൂരമുള്ള നഗരങ്ങൾക്കിടയിൽ ഓടുന്ന റയിൽ സംവിധാനമാണ്. ഇന്ത്യയിൽ നിലവിൽ പ്രവർത്തിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ ഭൂരിഭാഗവും ഏകദേശം 500 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി, ചെറിയ ദൂരമുള്ള നഗരങ്ങൾക്കിടയിലാണ് വന്ദേ മെട്രോ പ്രവർത്തിപ്പിക്കുന്നത്. 100 കിലോമീറ്റർ അകലെയുള്ള നഗരങ്ങൾക്കിടയിൽ ഈ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിനും ലഖ്നൗവിനുമിടയിൽ 90 കിലോമീറ്റർ ദൂരമുള്ള ട്രെയിനിന്റെ സർവീസ് ആദ്യം ആരംഭിക്കുമെന്നാണ് അനുമാനങ്ങൾ.
വന്ദേ മെട്രോ: ഫ്രീക്വൻസി
വന്ദേ ഭാരത് എക്‌സ്പ്രസിൽ നിന്ന് വ്യത്യസ്തമായി, വന്ദേ മെട്രോ സർവീസിന്റെ എണ്ണം കൂടുതലായിരിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതനുസരിച്ച്, ട്രെയിൻ ഒരു ദിവസം 4 മുതൽ 5 തവണ വരെ ഓടും. കൂടാതെ, ഈ ട്രെയിനുകൾ ഉപയോഗിച്ചുള്ള യാത്ര ദൈനംദിന യാത്രക്കാർക്ക് താങ്ങാനാവുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.