ചാറ്റജിപിടിയെ വെല്ലുവിളിച്ച് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പുമായി ശതകോടീശ്വരനായ ഇലണ്‍ മസ്‌ക്. ഇതുമായി ബന്ധപ്പെട്ട് ഫിനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയിലെ നെവാഡ സംസ്ഥാനത്ത് എക്സ് എഐ കോര്‍പ്പറേഷന്‍ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി മസ്ക് സ്ഥാപിച്ചതായി ചില ബിസിനസ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നുണ്ട്.
പദ്ധതിക്കായി ടെസ്‌ല തലവന്‍ ഗവേഷകരുടേയും എഞ്ചിനീയര്‍മാരുടേയും ടീം രൂപീകരിച്ചതായും നിരവധി നിക്ഷേപകരുമായി സംരംഭത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ നിര എഐ സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ നിയമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2015ല്‍ ഓപണ്‍ എഐയുടെ സഹസ്ഥാപകനായിരുന്നു ഇലോണ്‍ മസ്‌ക്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2018ല്‍ ബോര്‍ഡില്‍ നിന്നും മസ്ക് പിൻവാങ്ങിയിരുന്നു. ഭാവിയില്‍ എഐ മനുഷ്യ വംശത്തിന് വലിയ ഭീഷണിയായി മാറുമെന്ന അഭിപ്രായക്കാരനായിരുന്നു മസ്‌ക്. ഓപണ്‍ എഐയുടെ ചാറ്റ് ജിപിടി-4നേക്കാള്‍ ശക്തമായ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ ഇപ്പോള്‍ നിര്‍ത്തിവെക്കണമെന്ന് മസ്‌ക് പറഞ്ഞിരുന്നു. സാം ആള്‍ട്ട്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജസിക ലിവിങ്സ്റ്റണ്‍, ഇല്യ സുറ്റ്‌സ്‌കെവര്‍, പീറ്റര്‍ തീയെല്‍ എന്നിവരോടൊപ്പമാണ് മസ്‌ക് എഐയ്ക്ക് തുടക്കമിട്ടത്.
2018നു ശേഷം ചാറ്റ് ജിപിടി അത്ഭുതകരമായ നേട്ടമാണ് കൈവരിച്ചത്. നിലവില്‍ ലോകമെമ്പാടും കോടിക്കണക്കിന് ഉപയോക്താക്കളാണ് എഐക്കുള്ളത്. വൈറല്‍ ചാറ്റ് ബോട്ടിന്റെ ഉടമകളുടെ മൂല്യം 29 മില്യന്‍ ഡോളറാണ്.