ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിബിഐക്ക് മുന്നിലേക്ക്. പത്തു മണിയോടെ കെജ്‌രിവാൾ ഔദ്യോഗിക വസതിയിൽ നിന്നും പുറപ്പെടും. രാജ് ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് സിബിഐ ഓഫീസിലേക്ക് പോവുക. കെജ്‌രിവാളിൻ്റെ വീടിന് മുന്നിൽ വൻ സുരക്ഷയാണ് ക്രമീകരിച്ചിട്ടുള്ളത്. മന്ത്രിമാരും സഹപ്രവർത്തകരും വസതിയിലേക്ക് എത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കെജ്‌രിവാളിനെ കാണാനെത്തിയിട്ടുണ്ട്. എല്ലാനേതാക്കളും കെജ് രിവാളിനെ അനുഗമിക്കും.
അതേസമയം, ബിജെപിക്കെതിരെ വിമർശനവുമായി കെജ് റിവാൾ രംഗത്തെത്തി. ബിജെപിയോട് തന്നെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട് എങ്കിൽ ഉറപ്പായും ഉണ്ടാകുമെന്ന് കെജ് റിവാൾ പ്രതികരിച്ചു. ബിജെപി താൻ അഴിമതിക്കാരൻ ആണെന്ന് പറയുന്നു. താൻ ഇൻകം ടാക്സിൽ കമ്മീഷണർ ആയിരുന്നു. വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. താൻ അഴിമതിക്കാരൻ ആണെങ്കിൽ ലോകത്ത് ആരും സത്യസന്ധരല്ലെന്നും കെജ്‌രിവാൾ പറഞ്ഞു. സിബിഐ യുടെ സത്യസന്ധമായി മറുപടി നൽകുമെന്നും കെജ് റിവാൾ കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിഷേധത്തിനായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. രാജ് ഘട്ടിന് മുന്നിൽ കെജ്‌രിവാൾ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി ധർണ നടത്തും. മഹാത്മാ ഗാന്ധിയെ കെജ്‌രിവാൾ അപമാനിച്ചു എന്നാണ് ബിജെപിയുടെ ആരോപണം. മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരൻ അരവിന്ദ് കെജ്രിവാളെന്ന് ബിജെപി പറയുന്നു. കെജ്രിവാളാണ് മദ്യനയത്തിന്റെ കരട് സെക്രട്ടറിക്ക് നൽകിയത്. മദ്യവ്യവസായികൾക്ക് 144 കോടി ലാഭം ഉണ്ടാക്കി നൽകി. ഇതിന്റെ കമ്മീഷൻ കെജ്രിവാളിന് പോയെന്നും ബിജെപി ആരോപിക്കുന്നുണ്ട്.