മുബൈ: മുബൈയിൽ സൂര്യതാപമേറ്റ് 11 പേർ മരിച്ചു.123 പേർ ആശുപത്രിയിൽ. സംഭവം നിർഭാഗ്യകരമെന്ന് മഹാരാഷ്ട്ര മുഖമന്ത്രി ഏക്‌നാഥ് ഷിൻഡെ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത അവാർഡ് ദാനചടങ്ങിനെത്തിയ 11 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. 123 പേർ ചികിത്സയിലാണ്. നവിമുബൈയിലെ ഘാർഖറിൽ അപ്പാസാഹെബ് ധർമാധികാരി എന്നറിപ്പെടുന്ന ആക്ടിവിസ്റ്റ് ദത്രാത്തേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്‌കാരം നൽകുന്ന ചടങ്ങിനെത്തിയവരാണ് മരിച്ചത്. നവി മുബൈയിലെ തുറസായ സ്ഥലത്ത് 38 ഡിഗ്രി ചൂടുള്ള സമയത്താണ് മഹാരാഷ്ട്ര സർക്കാർ പരിപാടി സംഘടിപ്പിച്ചത് . പരിപാടിയിൽ ആയിരക്കണക്കിന് പാർട്ടി അനുയായികളെത്തിയിരുന്നു.
രാവിലെ 11.30 ഓടുകൂടി ആരംഭിച്ച അവാർഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. പരിപാടിയിൽ ഏക്‌നാഥ് ഷിൻഡേയും ഫട്‌നാവിസും പങ്കെടുത്തിരുന്നു. സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഷിൻഡെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. വേദനാജനകവും നിർഭാഗ്യകരവുമാണ് സംഭവം കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നുവെന്നായിരുന്നുന്നു ഫട്‌നാവിസിന്റെ ട്വീറ്റ്.