പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസിനെതിരെ മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. മെത്രാപ്പൊലീത്ത സഭയുടെ മഹാദുരന്തമാണെന്നായിരുന്നു പ്രതികരണം. ഓശാന ഞായര്‍ ദിവസം പത്തനംതിട്ടയില്‍ വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിലായിരുന്നു പ്രതികരണം.
സംഭവത്തില്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച മെത്രാപ്പൊലീത്ത, ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാന പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് കാര്‍ പിടിച്ചെടുക്കാന്‍ 70 പൊലീസുകാര്‍ രാത്രി ചെന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മുന്‍ സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ് പ്രതികരിച്ചത്.
‘കെട്ടടങ്ങിയിരിക്കുന്ന കേസ് വീണ്ടും കത്തിക്കാനുള്ള ശ്രമമാണ്. മെത്രാപ്പൊലീത്തയെ നിയന്ത്രിക്കാന്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്. സഭയിലെ ആര്‍ക്കും താങ്ങാന്‍ പറ്റാത്ത ആളായി മാറിയിരിക്കുന്നു. പോസ്റ്റര്‍ ഒട്ടിച്ച സംഭവവുമായി ബന്ധമില്ലെന്ന് സഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഭയെ ഇതിലേക്ക് വലിച്ചിഴക്കാന്‍ കോണ്‍ഗ്രസ് പല തീരുമേനിമാരുമായും ബന്ധപ്പെട്ടിരുന്നു. എല്ലാവരും കയ്യൊഴിഞ്ഞപ്പോഴാണ് കുന്നംകുളം മത്രാപ്പൊലീത്ത രക്ഷകനായെത്തിയത്’, ജോര്‍ജ് ജോസഫ് ആരോപിച്ചു.
അതേസമയം ജോര്‍ജ് ജോസഫിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പ്രതികരിച്ചു. പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിലെ പ്രവര്‍ത്തകനെതിരെയുള്ള പൊലീസ് രാജിനെതിരെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.