കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് ക്ലീൻചിറ്റ് നല്‍കി വത്തിക്കാൻ. സുപ്രിംകോടതിയിൽനിന്നടക്കം വലിയ തിരിച്ചടി നേരിട്ടതിനു പിറകെയാണ് വത്തിക്കാൻ പരമോന്നത കോടതി ആലഞ്ചേരിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
ഭൂമി ഇടപാടിൽ കർദിനാൾ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നാണ് വത്തിക്കാൻ കോടതി കണ്ടെത്തിയത്. ഇതോടൊപ്പം ഇടപാടിലുണ്ടായ നഷ്ടം നികത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോട്ടപ്പടിയിലെയും ദേവികുളത്തെയും ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നിർദേശം.
സിനഡ് തീരുമാനം വത്തിക്കാൻ കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭൂമി ഇടപാടിൽ 24 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് സിനഡ് കണ്ടെത്തിയിരുന്നു. കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ സഭാഭൂമി വിറ്റ് നഷ്ടം നികത്താനായിരുന്നു സിനഡ് നിർദേശം. ഭൂമി വിറ്റ് നഷ്ടം നികത്താൻ നേരത്തെ വത്തിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.