വിശാല പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിക്ക് ജയിക്കാൻ ആകില്ലെന്ന് മമത പറഞ്ഞു. ബംഗാൾ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.
ഏപ്രിൽ 14 ന് ബിർഭൂമിൽ നടത്തിയ പ്രസംഗത്തിൽ 2025 ൽ തൃണമൂൽ കോണ്ഗ്രസ് തകരും എന്ന പരാമർശത്തിലാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടത്. ബംഗാളിലെ തൃണമൂൽ സർക്കാരിനെ തകർക്കാൻ ആഭ്യന്തര മന്ത്രി ഗൂഡാലോചന നടത്തിയെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് ഇരട്ടത്താപ്പാണെന്നും മമത വിമർശിച്ചു.
ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്ന് പോരാടണമെന്ന് മമത വാർത്ത സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ 2024 ൽ ബിജെപി ക്ക് ജയിക്കാൻ ആകില്ലെന്നും മമത പറഞ്ഞു.
നേരത്തെ കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാൻ മമത ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വിശാല പ്രതിപക്ഷ ഐക്യത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രംഗത്തിറങ്ങിയതോടെയാണ് മമതയുടെ നിലപാട് മാറ്റം. മമതാ ബാനർജിയുമായും, അരവിന്ദ് കെജ്രിവാളുമായും ചർച്ചകൾ നടത്തണമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടിരുന്നു.